അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ വീഴ്ചയുണ്ടായെന്ന വാദങ്ങളെ എതിർത്ത് കർണാടക സർക്കാർ

 

ബെംഗളൂരു : അർജുനെ കണ്ടെത്താനുള്ള ഷിരൂരിലെ രക്ഷാദൗത്യത്തിൽ വീഴ്ചയുണ്ടായെന്ന വാദങ്ങളെ എതിർത്ത് കർണാടക സർക്കാർ.പരാതി കിട്ടിയ ഉടൻ തിരച്ചിൽ ആരംഭിച്ചതായി ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. 19ന് രാത്രി പരാതി കിട്ടി, 20ന് കരയിൽ അർജുനായി തിരച്ചിൽ തുടങ്ങിയെന്നും സർക്കാർ വ്യക്തമാക്കി. കേസ് ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.

അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഗൗരവമുള്ള വിഷയമെന്ന് അഭിപ്രായപ്പെട്ട കർണാടക ഹൈക്കോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടിസ് അയച്ചിരുന്നു.
ഇരു സര്‍ക്കാരുകളും ഇന്നു മറുപടി നൽകണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് അർജുനു വേണ്ടി ഇതുവരെ നടത്തിയ രക്ഷാദൗത്യത്തിന്റെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്.

16ന് ഷിരൂരിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.അന്നു രാവിലെ ഒൻപതോടെയാണു ദേശീയപാത–66ൽ മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങളും ചായക്കടയും മണ്ണിനടിയിലായി. നിരവധിപേർ അപകടത്തിൽപ്പെട്ടു. പത്തു മണിയോടെതന്നെ രക്ഷാപ്രവർത്തന നടപടികളാരംഭിച്ചു.

ഗതാഗതം വഴിതിരിച്ചു വിട്ടു. ദേശീയ–സംസ്ഥാന ദുരന്ത നിവാരണ സേനകളും അഗ്നിശമന സേനയും നാവിക സേനയും ജില്ലാ ഭരണകൂടവും തിരച്ചിൽ ആരംഭിച്ചു. വേഗത്തിൽ മണ്ണ് നീക്കരുതെന്നും വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചാൽ മണ്ണിടിയുമെന്നു മുന്നറിയിപ്പ് ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു.

പിന്നീട് 19നാണ് അർജുനെയും ലോറിയെയും കാണാനില്ലെന്ന പരാതി കിട്ടിയത്. വൈകാതെ നദിയിലും മണ്ണിനടിയിലും പ്രാഥമികമായി തിരച്ചിൽ നടത്തി. തുടർ ദിവസങ്ങളിൽ വിദഗ്ധ പരിശോധന നടത്തിയതായും സർക്കാർ വ്യക്തമാക്കി.

ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഗംഗാവലി നദിയിൽ ഇന്നും തിരച്ചിൽ തുടരും. റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌ സിഗ്നൽ കിട്ടിയിരുന്നു. മുൻ സൈനിക ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാലനും ദൗത്യത്തിൽ ചേരും. അർജുനെ കണ്ടെത്താൻ അത്യാധുനിക റേഡിയോ ഫ്രീക്വൻസി സ്കാനറും എത്തിക്കും. അർജുൻ ഉൾപ്പെടെ 3 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.