ട്രക്കിങ്ങിനിടെ കാണാതായ യുവതിക്കായി തിരച്ചിലിന് വൻ സന്നാഹമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കെ സി വേണുഗോപാൽ എം പി യെ അറിയിച്ചു
തെർമൽ ഡ്രോൺ അടക്കം ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കുടകിൽ കാണാതായ കോഴിക്കോട് സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നതായി കർണാടക മുഖ്യമന്ത്രി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഔദ്യോഗികമായി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി അത്യാധുനിക തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോഗിച്ച് വനമേഖലയിൽ ആകാശ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വനത്തിനുള്ളിലെ ദുർഘടമായ പാതകളിൽ തിരച്ചിൽ നടത്തുന്നതിനായി ആന്റി നക്സൽ ഫോഴ്സിന്റെ രണ്ട് ടീമുകളെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ വ്യത്യസ്ത റേഞ്ചുകളിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന അഞ്ച് സംഘങ്ങളയും കാടിനുള്ളിൽ പരിശോധന നടത്തുന്നതിന് നിയോഗിച്ചിട്ടുണ്ട്. കാടിന്റെ ഭൂപ്രകൃതി നന്നായി അറിയാവുന്ന പ്രദേശവാസികളായ 15 ഓളം ആദിവാസി യുവാക്കളും തിരച്ചിൽ സംഘത്തോടൊപ്പമുണ്ട്.
ഇതിന് പുറമേ പോലീസിന്റെ സ്പെഷ്യൽ ഡോഗ് സ്ക്വാഡിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ശരണ്യ ഏതെങ്കിലും സാഹചര്യത്തിൽ കേരളത്തിലെ ഏതെങ്കിലും പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നറിയാൻ കേരള സ്റ്റേറ്റ് കൺട്രോൾ റൂമുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട് എന്നും കർണാട മുഖ്യമന്ത്രി അറിയിച്ചു.
ശരണ്യയെ കാണാതായത് മുതൽ പോലീസ്, വനം വകുപ്പ്, തദ്ദേശവാസികൾ എന്നിവർ സംയുക്തമായാണ് തിരിച്ചിൽ നടത്തുന്നത്.
യുവതിയെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കുടയിൽ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ കർണാടക മുഖ്യമന്ത്രി, ആഭ്യന്തര, വനം മന്ത്രിമാർ എന്നിവരുമായി എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു. സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ച് തെരച്ചിൽ ദ്രുതഗതിയിൽ ആക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.