കാപ്പാ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധം ; സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹി കൂടിയാണ് ഇയാള്‍.

 

തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി. ചന്ദ്രനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്.

കാപ്പാ കേസ് പ്രതികളായ ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിവില്‍ പോലീസ് ഓഫീസറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സിപിഒ നിഷാന്ത് പി. ചന്ദ്രനെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. പോലീസ് അസോസിയേഷന്റെ ജില്ലാ ഭാരവാഹി കൂടിയാണ് ഇയാള്‍.


ചര്‍ച്ചയായ പീച്ചി സ്വര്‍ണക്കവര്‍ച്ച കേസില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘവുമായി നിഷാന്ത് പി. ചന്ദ്രന് അടുത്ത ബന്ധമുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതോടെ ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഇയാളെ വിളിപ്പിച്ചു വിശദീകരണം ചോദിച്ചു. എന്നാല്‍ നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
നടപടിയുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നല്‍കുന്നതിനായി 15 ദിവസത്തെ സമയം നിഷാന്തിന് അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ തൃപ്തികരമായ കൃത്യമായ മറുപടി നല്‍കിയില്ലെങ്കില്‍ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുമെന്ന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.