സ്വന്തം സ്ഥാപനങ്ങളുടെ പ്രചാരണങ്ങളിൽ സ്ത്രീകളെ അഭിമാനത്തോടെ മുന്നിൽ നിർത്തുകയും എന്നാൽ പൊതുവേദികളിൽ സ്ത്രീകളെ എതിർക്കുകയും ചെയ്യുന്ന നിലപാട് കാലത്തിന് ചേർന്നതല്ല ; പി. ജയരാജൻ
കണ്ണൂർ: പൊതുവേദികളിലെ സ്ത്രീ സാന്നിധ്യത്തെ വിലക്കിക്കൊണ്ടുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയിലെ വൈരുദ്ധ്യങ്ങളും ഇരട്ടത്താപ്പും തുറന്നുകാട്ടി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. സ്വന്തം സ്ഥാപനങ്ങളുടെ പ്രചാരണങ്ങളിൽ സ്ത്രീകളെ അഭിമാനത്തോടെ മുന്നിൽ നിർത്തുകയും എന്നാൽ പൊതുവേദികളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നതിനെ എതിർക്കുകയും ചെയ്യുന്ന നിലപാട് കാലത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ ഉയർത്തിയ പ്രതിഷേധം തികച്ചും സ്വാഭാവികവും പ്രസക്തവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാന്തപുരം നേതൃത്വം നൽകുന്ന മർകസിന്റെ കീഴിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ 'ഫുസ്താത്തിന്റെ' ഡയറക്ടർ തന്റെ സുഹൃത്തായ അബ്ദുൽ ഹക്കീം അസ്ഹരിയാണെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. ആ സ്ഥാപനത്തിന്റെ പ്രചാരണ വീഡിയോകളിൽ ഡോ. ബിസ്ന ബദേരി ഉൾപ്പെടെയുള്ള വനിതകൾ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്. വിദ്യാഭ്യാസ-വിജ്ഞാന രംഗത്ത് സ്ത്രീകൾ മുന്നോട്ടുവരുന്നത് സ്വന്തം സ്ഥാപനങ്ങളിൽ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, എന്തിനാണ് പൊതുവേദികളിലെ സ്ത്രീ പങ്കാളിത്തത്തെ കാന്തപുരം എതിർക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
മതപരമായ കാര്യങ്ങൾ പറയാൻ ഓരോ വിശ്വാസിക്കും അവകാശമുണ്ടെന്നത് ശരിയാണെങ്കിലും, സ്ത്രീകൾ പൊതുസമൂഹത്തിൽ എങ്ങനെ ജീവിക്കണം, എവിടെ ഇടപെടണം എന്ന് മതത്തിന്റെ പേരിൽ നിബന്ധനകൾ വെക്കുമ്പോൾ അതിനെ ജനാധിപത്യ സമൂഹം ചോദ്യം ചെയ്യുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മുസ്‌ലിം സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി മാത്രമല്ല, സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്ന മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെയും നിരന്തരം പോരാടുന്ന പ്രസ്ഥാനമാണ് മഹിളാ അസോസിയേഷൻ. അതിനാൽ ഈ വിമർശനങ്ങളെ മതവിരുദ്ധ നിലപാടായി വക്രീകരിക്കേണ്ടതില്ലെന്നും, സ്ത്രീകളെ മാറ്റിനിർത്തുന്നതല്ല മറിച്ച് അവർക്ക് തുല്യമായ ഇടം നൽകുന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ വഴിയെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.