വിമർശനത്തിന് പിന്നാലെ ക്ലിഫ് ഹൗസിലെത്തി കാന്തപുരം വിഭാഗം നേതാക്കൾ ; പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി
: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചയായിരിക്കെ, സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. കാന്തപുരത്തിനെതിരായ വാർത്താസമ്മേളനത്തിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്.
തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചയായിരിക്കെ, സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു. കാന്തപുരത്തിനെതിരായ വാർത്താസമ്മേളനത്തിലെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, “കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിപ്പില്ല” എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് പിൻവലിച്ചു.
കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കാന്തപുരത്തിന്റെ പരാമർശം മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചെന്ന് ആരോപിച്ച് മുസ്‌ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു. പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് പ്രമേയവും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എ.പി. വിഭാഗം നേതാക്കൾ നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.