കാന്തപുരം വിവാദത്തില്‍ ചര്‍ച്ചകള്‍ അതിരുവിട്ടു ; മതം പറഞ്ഞുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഗുണം ചെയ്യില്ലെന്ന് സാദിഖലി തങ്ങള്‍
കാന്തപുരം വിവാദത്തില്‍ ചര്‍ച്ചകള്‍ അതിരുവിട്ടു ; മതം പറഞ്ഞുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഗുണം ചെയ്യില്ലെന്ന് സാദിഖലി തങ്ങള്‍
അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സാദിഖലി തങ്ങള്‍ സ്വീകരിച്ചത്.
കാന്തപുരം വിവാദത്തില്‍ ചര്‍ച്ചകള്‍ അതിരുവിട്ടുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മതം പറഞ്ഞുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ഗുണം ചെയ്യില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്വേഷ പ്രചരണം അവസാനിപ്പിക്കണം. മാനുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ചോര കുടിയ്ക്കാന്‍ ചെന്നായ്ക്കള്‍ കാത്തിരികയാണെന്നും സാദിഖലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കൊമ്പുകോര്‍ക്കുന്ന മാനുകളുടെയും ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ നമുക്ക് അധ്യാപകര്‍ പറഞ്ഞുതന്നത് വലിയൊരു പാഠം പഠിപ്പിക്കാനായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുമ്പോള്‍ അതില്‍ നിന്നും ലാഭംകൊയ്യാന്‍ ചിലര്‍ കാത്തിരിക്കുന്നുവെന്ന പാഠം. കേരളത്തിലെ സമകാലിക വിവാദങ്ങളും അതിനെ ചുറ്റിപ്പറ്റി സമൂഹത്തില്‍ പ്രസരിക്കുന്ന വെറുപ്പും കാണുമ്പോള്‍ ആ കഥയാണ് വീണ്ടും മനസ്സിലേക്ക് വരുന്നത്. വര്‍ഷങ്ങളുടെ പോരാട്ടംകൊണ്ട് ഒരു ജനതയെന്ന നിലയില്‍ നാം നേടിയെടുത്ത സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ചര്‍ച്ചയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും കമന്റുകളിലും നിറയുന്ന മതംപറഞ്ഞുള്ള കളിയാക്കലുകളും അപക്വമായ വിദ്വേഷ വര്‍ത്തമാനങ്ങളും ആര്‍ക്കും ഒരു ഗുണവും ചെയ്യുന്നതല്ല. ആശയപരമായ സംഘട്ടനം നടക്കേണ്ടത് ഇത്തരം ചെളിവാരിയെറിയലുകള്‍കൊണ്ടല്ല, പരസ്പര ബഹുമാനത്തിലൂന്നിയുള്ള സംവാദത്തിലൂടെയാണ്. ഒന്നോര്‍ക്കുക, മനുഷ്യര്‍ തമ്മില്‍ അകന്ന് നില്‍ക്കാനുള്ളതിനേക്കാള്‍ വലിയ കാരണങ്ങള്‍ ചേര്‍ന്ന് നില്‍ക്കാനുണ്ട്. നമ്മുടെ കേരളത്തെ കെട്ടിപ്പടുക്കുന്ന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള നിര്‍മാണാത്മക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരം സംഘട്ടനങ്ങള്‍ ഒട്ടും ആശാവഹമല്ല. നമുക്ക് പറ്റാവുന്നത്ര അടുത്തുനില്‍ക്കാം. വിദ്വേഷ വര്‍ത്തമാനക്കാരോട് അകലം പാലിക്കാം.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. കാന്തപുരം പറഞ്ഞത് പണ്ഡിതന്റെ അഭിപ്രായമാണെന്നായിരുന്നു സാദിഖലി തങ്ങള്‍ പറഞ്ഞത്. സ്ത്രീകളുടെ സുരക്ഷയാകും ഉസ്താദ് ഉദ്ദേശിച്ചിട്ടുണ്ടാവുക. സമൂഹത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് സ്ത്രീകള്‍. സ്ത്രീ സുരക്ഷ ലക്ഷ്യം വെച്ചാണ് ആ പരാമര്‍ശമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തിന്റെ നന്മക്ക് വേണ്ടി ചേര്‍ന്ന് നില്‍ക്കുക. മുസ്ലിം ലീഗിനെ സംബന്ധിച്ച് സമുദായത്തിന്റെ ഐക്യം സാമൂഹ്യ ഐക്യവും എന്നിവക്ക് ചേര്‍ന്ന് നില്‍ക്കുക. സാമൂഹ്യ ഐക്യം പ്രധാനമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു.