കണ്ണൂരിൽ ആരോഗ്യമന്ത്രിയെ ആക്രമിച്ചെന്ന കേസ് : ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും
കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത്.
കെ.എസ്.യു കണ്ണൂർ പ്രസിഡന്റ് അതുൽ ഉൾപ്പെടെയുള്ളവർക്ക് ഇന്നലെ രാവിലെയാണ് കണ്ണൂർ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗൺമാൻ മൊഴി നൽകിയിരുന്നത്. കഴിഞ്ഞമാസം 25നായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കു നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. തുടർന്ന് സമരക്കാരുടെ മർദ്ദനത്തിൽ പരിക്കേറ്റു എന്ന് ചൂണ്ടിക്കാട്ടി മന്ത്രി ആശുപത്രിയിൽ ചികിത്സ തേടി. സംഭവം വൻവിവാദമായിരുന്നു. 26ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻറ് അടക്കമുള്ള കെ.എസ്.യു പ്രവർത്തകർ റിമാൻഡിലായത്.
കെ.എസ്.യു പ്രവർത്തകർ കറുത്ത കൊടി വീശി വരുന്നത് മാത്രമാണ് കണ്ടതെന്നാണ് ടൗൺ സ്റ്റേഷനിലെ എസ്.ഐയും സിവിൽ പൊലീസ് ഓഫീസറും നൽകിയ മൊഴിയിൽ പറയുന്നത്.