കണ്ണൂർ കാര്യങ്കോട് പുഴയിൽ കാണാതായരാജേഷിനും ഹനീഫയ്ക്കുമായുള്ള തിരച്ചിൽ തുടരുന്നു : 
വയനാട്ടിൽ നിന്ന് തുർക്കി ജീവൻ രക്ഷാ സമിതിയിലെ 12 മുങ്ങൽ വിദഗ്ധർ രംഗത്ത്

ശക്തമായ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ കാര്യങ്കോട് പുഴയിലെ മീന്തുള്ളിയിൽ കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ്, കാഞ്ഞിരപ്പുഴയിൽ കാണാതായ
 

ചെറുപുഴ:ശക്തമായ മഴയെ തുടർന്നുണ്ടായ ഒഴുക്കിൽ കാര്യങ്കോട് പുഴയിലെ മീന്തുള്ളിയിൽ കാണാതായ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷ്, കാഞ്ഞിരപ്പുഴയിൽ കാണാതായ വി.പി ഹനീഫ എന്നിവർക്ക് വേണ്ടി മൂന്നാം ദിവസവും തിരച്ചിൽ തുടർന്നു.

ഹനീഫയെ തെരയാനായി വയനാട് കല്പറ്റയിൽ നിന്ന് 12 പേരടങ്ങിയ തുർക്കി ജീവൻ രക്ഷാസമിതിയിലെ നീന്തൽ വിദഗ്ദ സംഘമെത്തി. രാവിലെ 7 മണിക്ക് പുഴയിൽ ഇറങ്ങിയ സംഘം ഹനീഫ ഒഴുക്കിൽപ്പെട്ട തൊണ്ടയിൽ പാലത്തിനടുത്ത് മുതൽ 500 മീറ്ററോളം തിരഞ്ഞു. 

പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് സന്നദ്ധഭടന്മാരും തിരച്ചിലിൽ പങ്കാളികളായി. 

തിങ്കളാഴ്ച പകൽ രണ്ടുമണിക്കൂറോളം മഴ വിട്ടു നിന്നതോടെ പുഴയിൽ ജലനിരപ്പ് കുറയുകയും കലക്കുവെള്ളം തെളിയാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി സബ്ബ്കളക്ടർ ഇൻ-ചാർജ് പ്രകാശൻ സി.വി, ഇരിട്ടി തഹസിൽദാർ എൻ. സീമ എന്നിവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

മീന്തുള്ളിയിൽ രാജേഷിന് വേണ്ടിയുള്ള തിരച്ചിലിൽ അഗ്നിശമന സേന, പോലീസ് എന്നിവയ്ക്ക് പുറമെ വിവിധ റാഫ്റ്റിംഗ് അസോസിയേഷൻ അംഗങ്ങളും അണിചേർന്നു. തുരുത്തുകളിലും പറക്കെട്ടുകളിലും പുഴയുടെ ഇരുകരകളിലും തിരച്ചിൽ നടത്തി. സംഭവം നടന്ന മീന്തുള്ളി പ്രദേശത്തു നിന്നും മാറി പാലവയൽ പാലത്തിനടുത്തും തിരച്ചിൽ നടത്തി.