'പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണത്' ;  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് മന്ത്രി വീണാ ജോർജ് 

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു.
 

 കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്. ഇരയെ കാണുമ്പോൾ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കാനല്ലെങ്കിൽ കെ.എസ്.യു പ്രവർത്തകർ എന്തിനാണ് പൊലീസ് വലയം മറികടന്ന് തന്റെയടുത്തേക്ക് വന്നതെന്നും കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെനിന്ന് ചെയ്താൽ പോരേയെന്നും മന്ത്രി ചോദിച്ചു.

ഒരുകൂട്ടം ആളുകൾ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ തന്നെ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വാർത്താചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യം പറ‍ഞ്ഞത്. നിലവിൽ കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമിക്കുകയാണ് മന്ത്രി.

മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പ്രതിഷേധക്കാർക്ക് വേണ്ടി വന്നവർ പകർത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളിൽപോലും പ്രതിഷേധക്കാരിലൊരാൾ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പിടിവലിയിൽ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ഛർദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയിൽ ഒന്ന് രണ്ട് ബന്ധുവീടുകളിൽ വിശ്രമിച്ചു. ഇപ്പോൾ വേദനയും മുഖത്ത് നീരും തലകറക്കവുമുണ്ട്. ആശുപത്രിയിലെ ചികിത്സക്ക് ശേഷം മന്ത്രി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.