കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ തെരുവുനായശല്യത്തിന് കൂടിയാലോചനയിലൂടെപരിഹാരം കാണും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായശല്യത്തിന് പ്രായോഗികമായ പരിഹാരം കാണുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു.

 

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന തെരുവുനായശല്യത്തിന് പ്രായോഗികമായ പരിഹാരം കാണുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ തദ്ദേശ സ്ഥാപനം ചെയ്യേണ്ട നടപടികൾ അവരും റെയിൽവേ ചെയ്യേണ്ട കാര്യങ്ങൾ റെയിൽവേയും ചെയ്യണം. സർക്കാർ തലത്തിൽ ചെയ്യേണ്ട നടപടികൾ കൂടിയാലോചനയിലൂടെ സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് യാത്രക്കാരെ കടിച്ച നായ്ക്കൾക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിഷയം യോഗം ചർച്ച ചെയ്തത്. ജില്ലയിൽ പടിയൂരിൽ മാത്രമാണ് തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതിന്റെ പ്രവർത്തനത്തിന് കോർപറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് നൽകുന്നുണ്ട്.
 
യോഗത്തിൽ അറിയിച്ച മറ്റുകാര്യങ്ങൾ, തീരുമാനങ്ങൾ: ആറളം ഫാമിലെ ആനമതിൽ നിർമ്മാണത്തിന് വേഗം പോരെന്നും തടസ്സങ്ങൾ നീക്കി എത്രയും വേഗം പൂർത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ ആവശ്യപ്പെട്ടു. മതിലിനായി മരങ്ങൾ മുറിക്കാനുള്ള നടപടികൾ സാമൂഹിക വനവത്കരണ വിഭാഗം എത്രയും വേഗം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർ നിർദേശിച്ചു. മരം മുറിക്കുന്നതിന് പകരമായി ആറളം ഫാമിൽ വൃക്ഷത്തൈകൾ നടുമെന്ന് ആറളം ഫാം എംഡി അറിയിച്ചു.

ആറളം ഫാമിൽ ഭൂമിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന, വീടോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്തവർക്ക് ഭൂമി കൈമാറാനുള്ള നടപടി വേഗത്തിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത, ഭൂരഹിതരും അഞ്ച് സെൻറിൽ താഴെ ഭൂമിയുള്ളവരുമായ 197 പേരുടെ ഹിയറിംഗ് പൂർത്തീകരിച്ചതായി ഐടിഡിപി എപിഒ അറിയിച്ചു. പ്ലോട്ട് മാറി താമസിക്കുന്ന 83 പേരുടെ പ്ലോട്ട് പരിശോധന പൂർത്തീകരിച്ചു. ഈ രണ്ട് കേസുകളിലും നടപടികൾ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.

ജില്ലയിലെ 17 ഉന്നതികളിൽ ഹാബിറ്റാറ്റ് മുഖേന നടപ്പിലാക്കുന്ന അംബേദ്കർ സെറ്റിൽമെൻറ് പദ്ധതികളിൽ പ്രവൃത്തി ഇതുവരെ തുടങ്ങുക പോലും ചെയ്യാത്ത പയ്യന്നൂർ മണ്ഡലത്തിലെ എയ്യങ്കല്ലിൽ ഹാബിറ്റാറ്റിനെ ഒഴിവാക്കി പഞ്ചായത്തിനെ പ്രവൃത്തി ഏൽപ്പിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു. ടിഐ മധുസൂദനൻ എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. അംബേദ്കർ സെറ്റിൽമെറ്റ് പദ്ധതിയിൽ പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് കോളനിയിൽ ഹാബിറ്റാറ്റ് ചെയ്ത പ്രവൃത്തികളിൽ പല അപാകതകൾ ഉള്ളതായും ഗുണഭോക്താക്കൾക്ക് കൃത്യമായ ഗുണഫലം ലഭ്യമാവാത്തതായി ബോധ്യപ്പെട്ടതായും തദ്ദേശ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ റിപ്പോർട്ട് ചെയ്തു. അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികൾ വിശദമായി പരിശോധിച്ച് ഡിസംബർ 15 ഓടെ റിപ്പോർട്ട് ചെയ്യാൻ കലക്ടർ നിർദേശിച്ചു.

പയ്യന്നൂർ സബ് റീജ്യനൽ ആർടി ഓഫീസ് പയ്യന്നൂർ കെഎസ്ആർടിസി കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികൾ സർക്കാറിന്റെ പരിഗണനയിലാണെന്ന് ആർടിഒ അറിയിച്ചു. സ്വന്തം ഭൂമിയിൽ പൈപ്പിംഗ് പ്രതിഭാസം നേരിട്ട ജോയ് വടക്കുന്നേൽ സെബാസ്റ്റിയന് പുനരധിവാസത്തിന് 2023 ജൂലൈയിൽ റവന്യു വകുപ്പ് മന്ത്രി പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ടിഐ മധുസൂദനൻ എംഎൽഎ പറഞ്ഞു. ആറാട്ടുകടവിൽ ആന ചവിട്ടിക്കൊന്നയാൾക്ക് ധനസഹായം ലഭിച്ചിട്ടില്ലെന്നും എംഎൽഎ ഉന്നയിച്ചു. പയ്യന്നൂരിലെ നിർമ്മാണം പൂർത്തിയായ താലൂക്ക് ഓഫീസ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും ഫർണിച്ചറുകൾ ലഭ്യമാവാത്തതിനാൽ ഓഫീസുകൾ മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും ഇതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതിക്കായി ചപ്പാരപ്പടവിലെ കിണർ നിർമ്മാണത്തിന് ടെൻഡർ കഴിഞ്ഞതായി യോഗത്തിൽ വാട്ടർ അതോറിറ്റി അറിയിച്ചു. അതിന്റെ തുടർനടപടികൾ വേഗത്തിലാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. രാമന്തളിയിൽ മരിച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടിയന്തിര സഹായമായി 75,000 രൂപ വീതം അനുവദിച്ചതായി റവന്യു വകുപ്പ് അറിയിച്ചു. രണ്ട് ലക്ഷം രൂപ സഹായത്തിനായാണ് പഞ്ചായത്ത് ആവശ്യപ്പെട്ടത്.

കണ്ണൂർ തോട്ടട നടാൽ ഭാഗത്തുനിന്നും തലശ്ശേരി ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും അടച്ചുകൊണ്ടാണ് ദേശീയപാത അതോറിറ്റി പുതിയ റോഡ് നിർമ്മാണം നടത്തുന്നതെന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാൻ കർശന നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ ദേശീയപാത അതോറിറ്റി അധികൃതരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും പ്രശ്നപരിഹാരം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം ഉൾപ്പടെയുള്ള പുഴകളും കവ്വായി കായലും കേന്ദ്രീകരിച്ചുള്ള ബോട്ട് ജെട്ടികൾ/ ടെർമിനലുകൾ എന്നിവയുടെ തുടർ നടത്തിപ്പിനും പരിപാലനത്തിനും ടെണ്ടർ നടപടികൾ സ്വീകരിച്ചുവരുന്നതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

പട്ടുവം തേർളായി തുരുത്ത് വട്ടക്കൂൽ തളിപ്പമ്പ റൂട്ടിൽ പുതിയ പെർമിറ്റ് അനുവദിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ തളിപ്പറമ്പ് ജോയിന്റ് ആർ ടി ഒ ഓഫീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ലഭിച്ചതായും റിപ്പോർട്ട് അടുത്ത ആർ.ടി.എ ബോർഡിൽ ഉൾപ്പെടുമെന്നും ആർ.ടി.ഒ കണ്ണൂർ അറിയിച്ചു.

തലശ്ശേരി ജനറൽ ആശുപത്രിയിലെ രണ്ടാംഘട്ട പ്രവൃത്തി വാട്ടർ ടാങ്ക്, ലിഫ്റ്റ് നിർമ്മാണ പ്രവൃത്തിയുടെ സാങ്കേതിക അനുമതിക്കായുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു.

പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം മേഖലകളിൽ കള്ളക്കടൽ ആക്രമണം തടയുന്നതിന് മൂന്ന് പ്രവൃത്തികൾക്ക് എഡിബി സഹായത്തിനായി 16 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് അറിയിച്ചു. എഡിബി കൺസൾട്ടൻറ് സ്ഥലം സന്ദർശിച്ചു. മാർച്ച് മാസത്തോടെ ഡിസൈൻ തയ്യാറാവും. പുതിയങ്ങാടി പ്രദേശത്ത് കടൽ ഭിത്തി കെട്ടുന്നതിന് നാഷനൽ ഡിസാസ്റ്റർ മാനേജ്‌മെൻറ് ഫണ്ടിന് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്.

പഴയങ്ങാടി പുഴയിലെ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് ഡി.ടി.പി.സിക്ക് കൈമാറിയതായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും ടെണ്ടർ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് ഡി ടി പി സി സെക്രട്ടറിയും പറഞ്ഞു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ടോയിലെറ്റ് നിർമ്മിക്കുന്ന പ്രവൃത്തി കോർപ്പറേഷന്റെ തനത് ഫണ്ടിൽ ഉൾപ്പെടുത്തി ആരംഭിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.

കൂത്തുപറമ്പ നഗരസഭാ ടൗൺഹാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് അടിയന്തിരമായി റിവ്യൂ മീറ്റിംഗ് നടത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും ടൗൺഹാളിന്റെ മൂന്നാംഘട്ട പ്രവൃത്തി നടന്നുവരുന്നതായും കൂത്തുപറമ്പ് നഗരസഭ സെക്രട്ടറി പറഞ്ഞു.

അപകടാവസ്ഥയിലുള്ള മാഹി പാലത്തിനു പകരമായി പാലം നിർമ്മിക്കുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടൻ സമർപ്പിക്കുമെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു. മാഹി, കണ്ണൂർ ദേശീയപാത അധികൃതർ പാലത്തിൽ സംയുക്ത പരിശോധന നടത്തി.

ജില്ലയിലെ ബഡ്സ് സ്‌കൂളുകളിലേക്ക് സമീപ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളെ കൂടി എത്തിക്കുന്നതിനും പ്രവർത്തനത്തിന് സംയുക്തമായി ഫണ്ട് വെക്കുന്നതിനുമായി പ്രൊജക്ട് തയ്യാറാക്കി അടുത്ത ഡിപിസി യോഗത്തിൽ അവതരിപ്പിക്കാൻ തദ്ദേശ ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കണ്ണൂർ നഗരത്തിൽ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ കാറ്റിൽ പൗണ്ട് വിപുലീകരിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
ദേശീയപാതയിൽ പുതിയതെരു ടൗൺ മുതലുള്ള റോഡ് റീടാർ ചെയ്യണമെന്ന് കെവി സുമേഷ് എംഎൽഎ ആവശ്യപ്പെട്ടു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിലെ ബസ് സ്‌റ്റോപ്പ് മുന്നോട്ട് ആക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി സംയുക്ത പരിശോധനയ്ക്ക് കലക്ടർ നിർദേശം നൽകി.

ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം എൽ എമാരായ കെ.വി സുമേഷ്, ടിഐ മധുസൂദനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, നഗരസഭാ ചെയർപേഴ്‌സൻമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാ തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.