കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഗുണ്ടാവിളയാട്ടം : സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം, പോലീസ് ഔട്ട്‌പോസ്റ്റ് തകർത്തു
പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അഴിഞ്ഞാട്ടം. സന്ദർശക പാസ്സില്ലാതെ എത്തിയത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1:45-ഓടെയാണ് സംഭവം അരങ്ങേറിയത്.
കണ്ണൂർ : പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നാലംഗ സംഘത്തിൻ്റെ അഴിഞ്ഞാട്ടം. സന്ദർശക പാസ്സില്ലാതെ എത്തിയത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയും പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചുതകർക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 1:45-ഓടെയാണ് സംഭവം അരങ്ങേറിയത്.
രോഗിയെ സന്ദർശിക്കാനായി എത്തിയ നാലംഗ സംഘത്തിൻ്റെ കൈവശം മതിയായ സന്ദർശന പാസ്സുകൾ ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരൻ കജേഷ് കുമാറിനെ (49) സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് പിന്നാലെ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം, മെഡിക്കൽ കോളേജ് വളപ്പിലെ പോലീസ് ഔട്ട്‌പോസ്റ്റ് അടിച്ചു തകർത്തു. ഔട്ട്‌പോസ്റ്റിൻ്റെ ഗ്ലാസ് വാതിലുകൾ പൂർണ്ണമായും തകർക്കപ്പെട്ടിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിൻ്റോ ബേബി തോമസ് (22) അമ്മാനപ്പാറ, സാം ഉലഹന്നാൻ (23) - കുണ്ടപ്പാറ എന്നിവരാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
മർദ്ദനമേറ്റ കുഞ്ഞിമംഗലം കുതിരുമ്മൽ സ്വദേശി കജേഷ് കുമാറിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ലംഘിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.