കണ്ണൂർ പള്ളിക്കുന്ന് ബാങ്ക് ഭരണ സമിതി കോൺഗ്രസ് വിമത വിഭാഗം പിടിച്ചെടുത്തു

പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ ഡി.സി.സി ഔദ്യോഗിക പക്ഷം തോറ്റു. കോൺഗ്രസ് നേതാവ് പി.കെ.രാഗേഷിൻ്റെ സഹോദരൻ പി.കെ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള
 

കണ്ണൂർ: പള്ളിക്കുന്ന് സർവീസ് സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിൽ ഡി.സി.സി ഔദ്യോഗിക പക്ഷം തോറ്റു. കോൺഗ്രസ് നേതാവ് പി.കെ.രാഗേഷിൻ്റെ സഹോദരൻ പി.കെ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് യു.ഡി.എഫ് പാനലിനെതിരെ വിജയിച്ചത്. 

അധികാരം ദുർവിനിയോഗം നടത്തി ഉദ്യോഗസ്ഥരെയും പോലീസിന്റെയും സഹായത്തോടെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന ആരോപണവുമായി ഡി.സി.സി.പ്രസിഡൻ്റ് മാർട്ടിൻ ജോർജ് രംഗത്തുവന്നു.  

തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് യഥാർത്ഥ അംഗങ്ങൾക്ക് വോട്ടവകാശം നൽകി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് യുഡിഎഫ് പള്ളിക്കുന്ന് മേഖലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ബന്ധുക്കൾക്കും പാർശ്വ വർത്ഥികൾക്കുമായി ബാങ്കിലെ അംഗത്വം പരിമിതപ്പെടുത്തി 5350 അംഗങ്ങളുടെ വോട്ടവകാശം ഏകപക്ഷീയമായി റദ്ദ് ചെയ്താണ് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇതിനെതിരെ യുഡിഫ് കമ്മിറ്റി നൽകിയ കേസ് കോടതിയിൽ നിലനിൽക്കുകയാണ്. ബാങ്ക് നൽകിയ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യുന്നതിന് പോലീസും,സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും, കൂട്ടു നിൽക്കുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ്‌ അഡ്വ:മാർട്ടിൻ ജോർജ്ജ് പറഞ്ഞു.