കോടതിയലക്ഷ്യ കേസ് : കെ സുധാകരൻ എം പി ഹാജരായില്ല

കോടതിയലക്ഷ്യക്കേസിൽ കെ സുധാകരൻ എം.പി ഹൈക്കോടതിയിൽ ഹാജരായില്ല. അസുഖ ബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന് സാവകാശം നൽകണമെന്നും കെ. സുധാകരനു വേണ്ടി

 

 കണ്ണൂർ : കോടതിയലക്ഷ്യക്കേസിൽ കെ സുധാകരൻ എം.പി ഹൈക്കോടതിയിൽ ഹാജരായില്ല. അസുഖ ബാധിതനാണെന്നും നേരിട്ട് ഹാജരാകുന്നതിന് സാവകാശം നൽകണമെന്നും കെ. സുധാകരനു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. കെ.സുധാകരൻറെ അവധിയപേക്ഷ പരിഗണിച്ച ഡിവിഷൻ ബെഞ്ച് 10 ദിവസം കഴിഞ്ഞ് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു.

ജസ്റ്റിസുമാരായ രാജവിജയ രാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻറേതാണ് നിർദേശം. അഡ്വക്കറ്റ് ജനാർദ്ദന ഷേണായി നൽകിയ കോടതിയലക്ഷ്യ കേസിലാണ് സുധാകരനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. സുധാകരൻ മാപ്പപേക്ഷ നൽകിയിരുന്നെങ്കിലും നേരിട്ട് ഹാജരാകാതെ മാപ്പപേക്ഷ അംഗീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണ ആവശ്യം നിരസിച്ച കോടതി വിധിക്കെതിരായ സുധാകരൻറെ പരാമർശമാണ് കോടതിയലക്ഷ്യ കേസിന് ആധാരം. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം.