കണ്ണൂരിൽ പേമാരി പിടി മുറുക്കി; പലയിടങ്ങളിലും മഴക്കെടുതി രൂക്ഷം, താഴ്ന്ന പ്രദേശങ്ങൾ വെളളത്തിനടിയിലായി

സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. തിങ്കളാഴ്ച്ചരാത്രി മുതൽ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്.

 


കണ്ണൂർ: സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുന്നത്. തിങ്കളാഴ്ച്ചരാത്രി മുതൽ കണ്ണൂർ ജില്ലയിലെ പല ഇടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട്ട് ചെയ്‌തു. കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴെ ചൊവ്വയിൽ താഴ്‌ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. പിലാത്തറയിൽ ദേശീയപാത സർവീസ് റോഡിൽ വെള്ളം കയറി. 

പാപ്പിനശേരിയിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.കനത്തമഴ തുടർന്നതോടെ  തലശേരി റെയിൽവേ സ്റ്റേഷൻ റോഡിലും സമീപത്തെ കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. തളിപ്പറമ്പ് കുപ്പത്ത് ദേശീയ പാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പരിസരത്ത് വീടുകളിലേക്ക് വെള്ളം കയറി. വീടുകളിൽ ചെളി കയറിയതായും റിപ്പോർട്ടുണ്ട്.

മട്ടന്നൂരിലെ ഉരുവച്ചാലിൽ ഇടിമിന്നലേറ്റ് വീടിന് വ്യാപകമായി നാശനഷ്ടം സംഭവിച്ചു. പാവോട്ടുപാറയിലെ കൃഷ്‌ണമുരളിയുടെ വീടിനാണ് ഇടിമിന്നലേറ്റ് വിള്ളലുണ്ടായത്. വയറിങ്ങും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചു. കോഴിക്കോട് വീടിന് മുകളിലേക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ആളപായമില്ല.


ദേശീയപാതയിൽ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് സമീപം ബസ് ചെളിയിൽ പുതഞ്ഞു. കണ്ണൂരിൽ നിന്നും മംഗലാപുരത്തേയ്ക്കു പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. ഓവുചാലിന് കുഴിയെടുത്ത വീതി കുറഞ്ഞ ഭാഗത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. കാസർകോട് ഭാഗത്തേയ്ക്ക് രാവിലെ മുതൽ ഗതാഗത തടസം നേരിടുന്നുണ്ട്.