സ്വർണ്ണ കപ്പ് തൂക്കി കണ്ണൂർ, രണ്ടാംസ്ഥാനത്ത് തൃശൂർ
സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ച് കണ്ണൂർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്.
തൃശൂർ: സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ച് കണ്ണൂർ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടത്. 1028 പോയിൻറുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. 249 മത്സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകൾ നേടി കണ്ണൂർ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു.
കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടം തീരുമാനിപ്പിച്ച് ഉറപ്പിച്ച മനസോടെ കണ്ണൂർ തിരിച്ചുപിടിക്കുകയായിരുന്നു. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ കണ്ണൂരിന് നിലനിർത്താനായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ ജില്ലക്ക് മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാൽ സ്വർണക്കപ്പ് സമ്മാനിക്കും.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂരാണ് രണ്ടാം സ്ഥാനത്താണ്. തൃശൂരിന് 1023 പോയിൻറാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1017 പോയിൻറാണ് കോഴിക്കോട് ജില്ലക്കുള്ളത്. നാലാം സ്ഥാനത്തുള്ള പാലക്കാടിന് 1013 പോയിൻറുണ്ട്.
സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസാണ് മുന്നിലെത്തിയത്. തുടർച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്.എസ്.എസ് നേടുന്നത്.