കണ്ണൂരിൽ മൂന്നര വയസുകാരി മകളോടൊപ്പം മയക്കുമരുന്ന് കടത്തിയ ദമ്പതികൾ റിമാൻഡിൽ

കണ്ണൂരിൽ മയക്കുമരുന്നുമായി പിടിയിലായ ദമ്പതികൾ റിമാൻഡിൽ 'ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ദമ്പതികളിൽ നിന്നാണ് ചൊവ്വാഴ്ച്ച പുലർച്ചെ 70.66 ഗ്രാം എം ഡി എം എ പിടികൂടിയത്.

 

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി പിടിയിലായ ദമ്പതികൾ റിമാൻഡിൽ 'ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ദമ്പതികളിൽ നിന്നാണ് ചൊവ്വാഴ്ച്ച പുലർച്ചെ 70.66 ഗ്രാം എം ഡി എം എ പിടികൂടിയത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം രഹസ്യവിവരം കിട്ടിയതു പ്രകാരം വലവിരിച്ചിരുന്ന പൊലിസിൻ്റെ മുൻപിൽ ഓട്ടോറിക്ഷയിൽ മൂന്നര വയസുള്ള പെൺകുട്ടിയുമായെത്തിയ ദമ്പതികൾ കുടുങ്ങുകയായിരുന്നു.

ബാംഗ്ലൂരിൽ താമസക്കാരായ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. മൂന്നര വയസുള്ള മകളുമായാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിനിയായ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തിയത്. 
മയക്ക്മരുന്ന് വിൽപനക്കായി എത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാഹുൽ ഹമീദും നജീമയും മയക്കുമരുന്നുമായി ബംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ഇവർ എവിടേക്ക് എത്തുമെന്ന് കൃത്യമായി ട്രാക്ക് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് നിലയുറപ്പിച്ചു. പുലർച്ചെ ഒരുമണിയോടെ കണ്ണൂരിലെത്തി ബസിൽ നിന്നിറങ്ങിയ ദമ്പതികൾ പ്ലാസ ജംഗ്ഷനിൽ നിന്ന് ഒരു ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രി പരിസരത്തേക്ക് എത്തി. 
ഇരുവരെയും തിരിച്ചറിഞ്ഞ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞു.

ഇവർക്കൊപ്പം മൂന്നര വയസ് പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ഇതിനാൽപിങ്ക് വനിതാ പൊലീസും കണ്ണൂർ സിറ്റി പൊലീസും സ്ഥലത്തെത്തി. തഹസീൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം ഡി എം എ കണ്ടെത്തിയത്.  വീര്യം കൂടിയതും കുറഞ്ഞതുമായി 70.66 ഗ്രാം മയക്കുമരുന്നാണ് ദമ്പതികളിൽ നിന്നും കണ്ടെത്തിയത്.

നാർക്കോട്ടിക് എസിപി രാജേഷ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്താൻ സാദ്ധ്യതയുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലിസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.