കണ്ണൂർ ചാൽ ബീച്ച് അപകടം: രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ലൈഫ് ഗാർഡുമാരും അഴീക്കൽ കോസ്റ്റൽ പോലീസും 

അഴീക്കോട്ചാൽ ബീച്ചിൽ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർത്ഥികൾ കടലിൽ കുളിക്കാനിറങ്ങിയതിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് ലൈഫ് ഗാർഡുമാരുടെയും അഴീക്കൽ കോസ്റ്റൽ പോലീസ്

 

വളപട്ടണം; അഴീക്കോട്ചാൽ ബീച്ചിൽ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർത്ഥികൾ കടലിൽ കുളിക്കാനിറങ്ങിയതിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് ലൈഫ് ഗാർഡുമാരുടെയും അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും ഇടപെടലിലൂടെ രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

കണ്ണാടിപ്പറമ്പിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സന്ദർശനത്തിനെത്തിയ കുട്ടികളുടെ സംഘം 11.10.2026 തീയതി വൈകുന്നേരം മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾ പെട്ടെന്ന് വെള്ളത്തിലേക്ക് ഇറങ്ങുകയും ശക്തമായ തിരമാലയിൽപ്പെട്ട് അപകടത്തിൽപ്പെടുകയും ചെയ്തു.

കുട്ടികൾ അപകടത്തിൽപ്പെടുന്നത് കണ്ട് ഉടൻതന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ സുബിജിത് സി, രാഹുൽ പി, അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ കോസ്റ്റൽ വാർഡനായ മാക്സ് വെൽ നിധീഷ് എന്നിവർ വെള്ളത്തിലേക്ക് ചാടി ഇരുവരെയും അതിസാഹസികമായി കരയ്ക്ക് രക്ഷപ്പെടുത്തി. തുടർന്ന് ഇരുവരെയും അഴീക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എസ്‌.ഐ സാലിലേഷ് ചന്ദ്ര, എസ്‌.സി.പി.ഒ ഷാജി കെ എന്നിവർ ചേർന്ന് അതിവേഗം കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി.