കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി വീട്ടില്‍ പ്രസവിച്ച സംഭവം ; വിദേശത്തായിരുന്ന പിതാവ് അറസ്റ്റിലായി ; കുറ്റ സമ്മതം നടത്തിയെന്ന് പൊലീസ്

ഒരാഴ്ച മുന്‍പാണ് കാഞ്ഞങ്ങാട്ടെ പത്താം ക്ലാസുകാരി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

 

ഡിഎന്‍എ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം.

കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി വീട്ടില്‍ പ്രസവിച്ച സംഭവത്തില്‍ പിതാവ് റിമാന്‍ഡില്‍. പെണ്‍കുട്ടി വീട്ടില്‍ പ്രസവിച്ചതോടെ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടി ആരുടെയും പേര് പറയാത്തതിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം. അതിനിടെയാണ് അച്ഛനെ പിടികൂടിയത്.

ഒരാഴ്ച മുന്‍പാണ് കാഞ്ഞങ്ങാട്ടെ പത്താം ക്ലാസുകാരി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. കുട്ടിയോ അമ്മയോ എന്താണ് സംഭവമെന്ന് തുറന്നു പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. വീടുമായി ബന്ധമുള്ളവരെ കണ്ടെത്തി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനാണ് തീരുമാനിച്ചത്.

ഇതിനിടയില്‍ മജിസ്‌ട്രേറ്റിന് മുന്‍പില്‍ പെണ്‍കുട്ടി മൊഴി നല്‍കി. ഈ മൊഴിയിലാണ് പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് വിദേശത്തായിരുന്ന പിതാവിനെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.