മലബാർ കുടിയേറ്റത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ വിവരിച്ച് 'കാനാൻ' അരങ്ങിലെത്തി

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിച്ച ഒരു ജനതയുടെ അതിജീവന കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ 'കാനാൻ' അരങ്ങേറി. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ ഒരുക്കിയ

 

തളിപ്പറമ്പ്: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിച്ച ഒരു ജനതയുടെ അതിജീവന കഥപറയുന്ന സിനിമാറ്റിക് ഡിജിറ്റൽ ഡ്രാമ 'കാനാൻ' അരങ്ങേറി. കണ്ണൂർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ തലശേരി അതിരൂപതയുടെ അനുഗ്രഹാശിസുകളോടെ ഒരുക്കിയ നാടകത്തിന്റെ ആദ്യാവതരണം തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു.

ഈ മണ്ണ് ഒരിക്കലും ചതിക്കില്ലെന്ന ദൈവീക ബോധ്യത്തിൽ ഊന്നി പൂർവികർ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് മലബാർ കുടിയേറ്റമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കുടിയേറ്റത്തിന്റെ നൂറാം വർഷത്തിലും അതിരൂപതയുടെ പ്ലാറ്റിനം ജൂബിലി വേളയിലും എല്ലാ കുടിയേറ്റ കേന്ദ്രങ്ങളിലും 'കാനാൻ' അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കണ്ണൂർ കമ്യൂണിക്കേഷൻസ് രക്ഷാധികാരി ഫാ. മാത്യു ആശാരിപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ​മലബാർ കുടിയേറ്റത്തിന്റെ ചരിത്രവഴികൾക്കൊപ്പം, വിദേശത്തേക്കുള്ള മൂന്നാം കുടിയേറ്റത്തിന്റെ ആശങ്കകളും സാമൂഹിക പ്രശ്നങ്ങളും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നാടകം ചർച്ച ചെയ്യുന്നുണ്ട്. തോമസ് മൂന്നുപീടികയുടെ രചനയിൽ വൈക്കം വിനുവാണ് നാടകം സംവിധാനം ചെയ്തത്. 

കണ്ണൂർ സെബാസ്റ്റ്യൻ, ഷാജു ജോൺ, ടി. ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ 14 പ്രഫഷണൽ കലാകാരന്മാരും അഞ്ച് സാങ്കേതിക പ്രവർത്തകരുമാണ് നാടകത്തിന് പിന്നിൽ പ്രവർത്തിച്ചത്. ചടങ്ങിൽ തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.