കാലടി സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ: അന്വേഷണത്തിന് ഉപസമിതിയെ നിയോഗിച്ച് സിൻഡിക്കേറ്റ്; ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെടും

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉപസമിതിയെ യോഗം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച 19 അധ്യാപകരുടേത് അധിക നിയമനമാണെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

 

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപക നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതിനായി പ്രത്യേക ഉപസമിതിയെ യോഗം നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച 19 അധ്യാപകരുടേത് അധിക നിയമനമാണെന്ന ഓഡിറ്റ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും സിൻഡിക്കേറ്റ് യോഗത്തിൽ ഉയർന്നു. ഇക്കാര്യം സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടാനും തീരുമാനമായി. ഓൺലൈനായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർ, ഫിനാൻസ് കൺട്രോളർ നിയമനം എന്നിവയായിരുന്നു പ്രധാന അജണ്ട. ഇതിനൊപ്പമാണ് വിവാദമായ ഓഡിറ്റ് റിപ്പോർട്ടും ചർച്ചയ്ക്ക് വന്നത്.

അതേസമയം, സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ തുടരുന്ന നിരാഹാര സമരം സിൻഡിക്കേറ്റ് യോഗത്തിൽ എൽഡിഎഫ് പ്രതിനിധികൾ ഉന്നയിച്ചെങ്കിലും ചർച്ച ചെയ്യാൻ വൈസ് ചാൻസലർ അനുമതി നൽകിയില്ല. അജണ്ടയിൽ ഇല്ലാത്ത വിഷയമായതിനാൽ ചർച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു വിസിയുടെ നിലപാട്. യുഡിഎഫ് പ്രതിനിധികളും എൽഡിഎഫ് അംഗങ്ങളുടെ ഈ ആവശ്യത്തെ എതിർത്തു.