കാലടി സർവകലാശാലാ സമരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ, വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം
കാലടി സർവകലാശാലയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെഹ്റുവിന്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നൽകിയ ജോസഫ് ഗീബൽസിന്റെ ആശയങ്ങളാണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കൊച്ചി: കാലടി സർവകലാശാലയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെഹ്റുവിന്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നൽകിയ ജോസഫ് ഗീബൽസിന്റെ ആശയങ്ങളാണ് യുഡിഎഫ് സർക്കാരിനെ നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ നേട്ടത്തിനായി യാഥാർത്ഥ്യത്തെ എത്ര മോശമായി വേണമെങ്കിലും വക്രീകരിക്കാമെന്ന സർക്കാരിന്റെ കാപട്യത്തിന്റെ ഇരകളാണ് കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നെഹ്റുവിൻ്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നൽകിയ ജോസഫ് ഗീബൽസിൻ്റെ ആശയങ്ങളാണ് യുഡിഎഫ് സർക്കാറിനെ നയിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി യാഥാർത്ഥ്യത്തെ എത്ര മോശമായി വേണമെങ്കിലും വക്രീകരിക്കാമെന്ന സർക്കാരിൻ്റെ കാപട്യത്തിൻ്റെ ഇരകളാണ് കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ.
പ്രതിഷേധത്തിൻ്റെ ഭാഗമായി അവർ അവതരിപ്പിച്ച തെരുവുനാടകത്തെക്കുറിച്ച് അസത്യമായ വാർത്തകൾ പ്രചരിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേതൃത്വം നൽകി. റീച്ച്സ്റ്റാഗിന് തീയിട്ടത് കമ്മ്യൂണിസ്റ്റുകാരാണെന്ന ഗീബൽസിയൻ നുണകൾ പോലെ വിദ്യാർഥികൾ വിസിയെ ആക്രമിച്ചെന്ന് സർവ്വകലാശാല അധികൃതരും സർക്കാരും യാതൊരു തെളിവുമില്ലാതെ, ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചു.
വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് സർക്കാരും ചേർന്ന് ഈ വിദ്യാർത്ഥികളുടെ ഭാവിയെത്തന്നെ കുരുതി കൊടുക്കുകയാണ്. പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയിട്ടും അതിന് തടസ്സം സൃഷ്ടിക്കാൻ വീണ്ടും കോടതിയെ സമീപിച്ച വിസിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെയാണ് രൂക്ഷമായി വിമർശിച്ചത്.
എന്നിട്ടും, സർക്കാരും സർവ്വകലാശാലയും തെറ്റൊന്നും ചെയ്യാത്ത വിദ്യാർത്ഥികളോട് മാപ്പപേക്ഷ എഴുതി നൽകണമെന്നാണ് ആജ്ഞാപിക്കുന്നത്. സർക്കാരിൻ്റേയും വിസിയുടേയും മാതൃക സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷകൾ നൽകിയ വിഡി സവർക്കറായിരിക്കും. പക്ഷേ, ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള കാലടിയിലെ വിദ്യാർത്ഥികളുടെ രാഷ്ട്രീയം അതല്ല .
അവരുടെ നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതൊരു സർവകലാശാലയിലെ വിദ്യാർത്ഥി സമരം മാത്രമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ താൽപര്യങ്ങൾക്ക് അനുസൃതമായി മാറ്റാനുള്ള നീക്കങ്ങൾക്കും അതിന് ഒത്താശ ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കുമെതിരായ പോരാട്ടം കൂടിയാണിത്.
അനീതിക്ക് മുന്നിൽ തലകുനിക്കാതെ സ്വന്തം അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണം. അവരുടെ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവിക്ക് കൂടി അനിവാര്യമാണ്.
കാലടിയിലെ വിദ്യാർത്ഥികൾക്ക് പൂർണ ഐക്യദാർഢ്യം.
ഞാനും സമരകാലടികൾക്കൊപ്പം!