ശബരിമല സ്വർണ കൊള്ള:കടകംപള്ളിയെ ചോദ്യംചെയ്തത് ഹൈക്കോടതിയെ ഭയന്ന്

ശബരിമല സ്വർണാപഹരണക്കേസിൽ പ്രതികളുടെ മൊഴികളിൽ പരാമർശിക്കപ്പെട്ടവരിൽനിന്ന് വിശദീകരണം തേടാത്തത് ഹൈക്കോടതിയെ പ്രകോപിപ്പിച്ചിരുന്നു

 

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം അവശേഷിക്കേ, ഹൈക്കോടതിയിൽ പ്രത്യേകാന്വേഷണസംഘം നൽകുന്ന റിപ്പോർട്ട് നിർണായകമാണ്

തിരുവനന്തപുരം: ശബരിമല സ്വർണാപഹരണക്കേസിൽ പ്രതികളുടെ മൊഴികളിൽ പരാമർശിക്കപ്പെട്ടവരിൽനിന്ന് വിശദീകരണം തേടാത്തത് ഹൈക്കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ഇക്കാര്യം പൂർണമായും അന്വേഷിച്ച് വസ്തുത കണ്ടെത്തണമെന്നായിരുന്നു ഹൈക്കോടതി നിർദേശം. ഈ സാഹചര്യത്തിലാണ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.

ശനിയാഴ്ച എസ്‌ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണം സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. മുന്‍ ദേവസ്വം മന്ത്രി എന്ന നിലയിലായിരുന്നു ചോദ്യങ്ങളെന്നും അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മൊഴി നല്‍കിയതില്‍ ആരെയും പഴി ചാരിയിട്ടില്ലെന്നും ആരെയെങ്കിലും കുറ്റപ്പെടുത്താന്‍ തനിക്ക് ഇതേക്കുറിച്ച് എന്തെങ്കിലും അറിവുവേണ്ടോയെന്നും കടകംപള്ളി ചോദിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുന്‍ മന്ത്രി തയ്യാറായില്ല.കടകംപള്ളി ഒരു പരിധിവരെ സുരക്ഷിതനാണെങ്കിലും പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലിലാണെന്നാണ് ലഭ്യമാകുന്ന വിവരം

സർക്കാരിനേൽക്കുന്ന പരിക്ക് കുറയ്ക്കാൻ കൂടിയാണ് മൊഴിയെടുത്തതെന്ന വ്യാഖ്യാനവും വരുന്നുണ്ട്. പ്രതികളുടെ വെളിപ്പെടുത്തലും കടകംപള്ളിയുടെ മൊഴിയും ഒത്തുനോക്കി വസ്തുത പരിശോധിച്ചാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുക. ചോദ്യംചെയ്യാതെ ഒഴിവാക്കിയാൽ മതിയായ കാരണം രേഖപ്പെടുത്തേണ്ടിവരും. തെളിവുകളില്ലാതെ ഒഴിവാക്കിയാൽ അന്വേഷണസംഘത്തിന് വീണ്ടും വിമർശനം കേൾക്കേണ്ടിയുംവരും. എല്ലാം ചട്ടപ്രകാരമെന്ന് അവകാശപ്പെടുമ്പോഴും 2025-ലെ ഭരണസമിതിയുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

പോറ്റിക്ക് ആനുകൂല്യം നൽകിയ നടപടി സാധൂകരിക്കാൻ ഭരണസമിതിക്ക് കഴിയുന്നില്ല. സംശയകരമായ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നടപടികൾക്ക് ക്ലീൻചിറ്റ് നൽകാൻ അന്വേഷണസംഘത്തിന് അത്രപെട്ടെന്ന് കഴിയില്ലെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം അവശേഷിക്കേ, ഹൈക്കോടതിയിൽ പ്രത്യേകാന്വേഷണസംഘം നൽകുന്ന റിപ്പോർട്ട് നിർണായകമാണ്.സംശയമുനയിലുള്ള ഉന്നതർക്കെതിരേ എന്തെങ്കിലും പരാമർശമുണ്ടെങ്കിൽ എൽഡിഎഫിന് കടുത്ത പരീക്ഷണമായി മാറും. കോടതിയിൽനിന്ന് അന്വേഷണസംഘത്തിന് വിമർശനമേറ്റാലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.