കെ വി ശരത്ചന്ദ്രൻ ആകാശവാണിയിൽ നിന്ന് പടിയിറങ്ങി 

നവീന ആശയങ്ങളിലൂടെ റേഡിയോ പ്രക്ഷേപണത്തെ വൈവിധ്യവൽക്കരിച്ച അസിസ്റ്റന്റ് ഡയറക്ടറും പ്രോഗാം മേധാവിയുമായ കെ.വി.ശരത്ചന്ദ്രന്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു

 

കണ്ണൂര്‍ :  നവീന ആശയങ്ങളിലൂടെ റേഡിയോ പ്രക്ഷേപണത്തെ വൈവിധ്യവൽക്കരിച്ച അസിസ്റ്റന്റ് ഡയറക്ടറും പ്രോഗാം മേധാവിയുമായ കെ.വി.ശരത്ചന്ദ്രന്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു . കേരളത്തിലെ വിവിധ നിലയങ്ങളിലായി 34 വർഷത്തെ സേവനത്തിനുശേഷം കോഴിക്കോട് നിലയത്തിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്.  റേഡിയോ നാടകങ്ങൾക്ക് പുതുഭാവം നൽകി ശ്രോതാക്കളുടെ മനസ്സിൽ ഇടം നേടിയ ശരത് ചന്ദ്രൻ 1992ല്‍ കൊച്ചി നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് ആയാണ്  ജോലിയിൽ പ്രവേശിക്കുന്നത് തുടർന്ന് കണ്ണൂർ , കോഴിക്കോട്   നിലയങ്ങളില്‍  പ്രോഗ്രാം മേധാവിയായി.

 നൂതനവും വൈവിധ്യവുമാർന്ന നാടകങ്ങളിലൂടെ റേഡിയോ എന്ന മാധ്യമത്തിന്റെ സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ  നാടകകൃത്തും സംവിധായകനുമാണ് ശരത് ചന്ദ്രൻ. പ്രമേയത്തിലും അവതരണത്തിലും വേറിട്ട രീതി സ്വീകരിച്ചുകൊണ്ടാണ് ഭൂരിഭാഗം നാടകങ്ങളും അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ അഖിലകേരള റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച കാണ്‍ക കടലിനെ കൺതുറക്കാതെ എന്ന നാടകം ഏറെ ശ്രദ്ധ നേടിയിരുന്നു. അന്തരിച്ച  തിക്കോടിയൻ, ഉറൂബ് , കെ.രാഘവൻ എന്നിവരുടെ ശബ്ദങ്ങൾ നിർമ്മിത ബുദ്ധിയിലൂടെ   ഈ നാടകത്തിനായി പുന:സൃഷ്ടിച്ചു .

 നടൻ തിലകൻ മാത്രം ശബ്ദം നൽകി അഭിനയിച്ച 'ഒറ്റ ', സിദ്ദിഖ് ആറ്  വ്യത്യസ്ത വേഷങ്ങൾ ചെയ്ത 'വിതയ്ക്കുന്നവന്റെ ഉപമ ', എൻ. എഫ്. വർഗീസിന്റെ  'ശാന്തസമുദ്രം' സൈനോര  ഫിലിപ്പ് ശ്രദ്ധേയമാക്കിയ 'രക്തം സാക്ഷി 'എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ നാടകങ്ങളാണ്.

 റേഡിയോ നാടകങ്ങൾക്ക് നാല് തവണ ആകാശവാണി ദേശീയ പുരസ്കാരം  ലഭിച്ചിട്ടുണ്ട്.  ഇന്ത്യൻ സിനിമാ സംഗീത ചരിത്രത്തെ അവതരിപ്പിച്ച ഗാന ലോകവീഥികളും പിന്നണിഗായകരുടെ സംഗീത ജീവിതം ചിത്രീകരിച്ച ഓർമ്മകളുടെ സംഗീതവും ഉത്തര കേരളത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ അവതരിപ്പിച്ച ഓലച്ചൂട്ടും വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.

 കണ്ണൂർ നിലയത്തിലെ പ്രഭാത പ്രക്ഷേപണത്തെ വൈവിധ്യമാക്കുന്നതിലും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കേരള സർക്കാറിന്റെ മാധ്യമ പുരസ്കാരം ,വി.ടി. കുമാരൻ അവാർഡ് , ഇടശ്ശേരി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. നീലേശ്വരം സ്വദേശിയാണ് കെ. വി. ശരത് ചന്ദ്രൻ. ഭാര്യ പ്രീത, മക്കൾ :ചാരുദത്തനും  ശന്തനുവും  ബംഗ്ളൂരുവി ല്‍ ജോലിചെയ്യുന്നു