‘മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുന്നു’; രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് കെ സുരേന്ദ്രൻ

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതിക്കും ഗവർണർക്കും നേരെ ആരും പ്രതിഷേധിക്കാൻ പാടില്ല. അപ്പോൾ തന്നെ വെടിവച്ച് കൊല്ലുന്ന സ്ഥിതിയാണ് ലോകം മുഴുവനുള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“തെളിവുകളും കത്തുകളുടെ പിൻബലവുമുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ സിപിഐഎമിനു വേണ്ടിയാണ് സംസാരിക്കുന്നതെങ്കിൽ അതിനുള്ള വ്യക്തമായ മറുപടി ഗവർണർ പറഞ്ഞിട്ടുണ്ട്. രാഗേഷ് എന്തിനാണ് സ്റ്റേജിൽ നിന്നിറങ്ങിപ്പോയത്? പൊലീസിനെ തടയാനും അവരെ കസ്റ്റഡിയിലെടുക്കാനും സാധിക്കുമായിരുന്നു. പക്ഷേ, അത് തടസപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വമേധയാ കേസെടുക്കാവുന്നതാണ്. പരാതി കൊടുക്കേണ്ട കാര്യമില്ല. സ്വമേധയാ കേസെടുക്കുന്നതുകൊണ്ടാണ് അദ്ദേഹം നിയമവാഴ്ച അട്ടിമറിയ്ക്കുന്നു എന്ന് ഞാൻ പറഞ്ഞത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെങ്കിൽ അന്നേ കേസെടുക്കേണ്ടതായിരുന്നു. ഇനിയും കേസെടുക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. ഗവർണർ സ്റ്റേഷൻ ഓഫീസറുടെ അടുത്തുപോയിട്ട് ഒരു പരാതിയും ഇക്കാര്യത്തിൽ കൊടുക്കേണ്ടതില്ല.”- കെ സുരേന്ദ്രൻ പറഞ്ഞു.