ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിയാക്കപ്പെടുമെന്ന് സൂചനയുള്ളപ്പോഴുള്ള സന്ദർശനം ; വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകമ്പള്ളി എന്തിനുപോയിയെന്ന് തുറന്ന് പറയണമെന്ന് കെ. സുരേന്ദ്രൻ

മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരു മുൻമന്ത്രി സന്ദർശിക്കുന്നതിൽ സാധാരണനിലയിൽ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല.

 

 തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒരു മുൻമന്ത്രി സന്ദർശിക്കുന്നതിൽ സാധാരണനിലയിൽ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഈ സന്ദർശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാൻ തയ്യാറാവണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വിശ്വാസി കൂടിയായ ആഭ്യന്തരമന്ത്രി ഇക്കാര്യത്തിലുള്ള മൗനം വെടിയണം. കടകംപള്ളി പോയത് പാർട്ടിയുടെ അറിവോടുകൂടിയാണോ എന്നതും പ്രധാനമാണ്. നേരത്തെ പത്മകുമാറിനെ സംരക്ഷിച്ച പാർട്ടിക്ക് അവസാനം അത് തെറ്റായിപ്പോയെന്ന് പറയേണ്ടി വന്നത് കടകമ്പള്ളിയുടെ കാര്യത്തിലും പ്രസക്തമാണ്- സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് കടകംപള്ളി സുരേന്ദ്രൻ വഴുതക്കാട് ഉള്ള രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയത്. ഏകദേശം 15 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു. ചില നിസാര ശുപാർശകൾക്ക് വന്നതാണന്നാണ് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമല സ്വർണകൊള്ളയിൽ അന്വേഷണം തുടരുമ്പോഴാണ് കടകംപള്ളി സ്കൂട്ടറിലെത്തി ചെന്നിത്തലയെ കണ്ട് മടങ്ങിയത്. ഹെൽമെറ്റ് ധരിക്കാതെയായിരുന്നു കടകംപള്ള ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തിയത്.

കെ സുരേന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പ്

സംസ്ഥാന ആഭ്യന്തരമന്ത്രി ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയെ മുൻ ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഇന്ന് വെളുപ്പിന് സ്ക്കൂട്ടറിൽ വന്ന് സന്ദർശിച്ചത് വലിയ വാർത്തയായിരിക്കുകയാണ്. ഒരു മന്ത്രിയെ ഒരു മുൻമന്ത്രി സന്ദർശിക്കുന്നതിൽ സാധാരണനിലയിൽ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. പക്ഷെ ഇതങ്ങനെയല്ല. ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പ്രതിചേർക്കപ്പട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ സന്ദർശനം. കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകൾ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് ഈ സന്ദർശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാൻ തയ്യാറാവണം. ജനങ്ങൾ അത് കേൾക്കാൻ ആഗ്രഹിക്കുന്നു. വിശ്വാസി കൂടിയായ ആഭ്യന്തരമന്ത്രി ഇക്കാര്യത്തിലുള്ള മൗനം വെടിയണം. കടകമ്പള്ളി പോയത് പാർട്ടിയുടെ അറിവോടുകൂടിയാണോ എന്നതും പ്രധാനം. നേരത്തെ പത്മകുമാറിനെ സംരക്ഷിച്ച പാർട്ടിക്ക് അവസാനം അത് തെറ്റായിപ്പോയെന്ന് പറയേണ്ടി വന്നത് കടകമ്പള്ളിയുടെ കാര്യത്തിലും പ്രസക്തമാണ്.