കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനവുമായി അണികള്‍
ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്.
കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്
നിയമസഭാ സീറ്റിനായി കെ സുധാകരന്‍ എം പി സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ കണ്ണൂരില്‍ പരസ്യമായി തെരുവിലിറങ്ങി അണികള്‍. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് രാത്രിയില്‍ നടത്തിയത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്.
കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാണ് ആവശ്യം. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പേരാവൂര്‍ മണ്ഡലത്തിലും നിറയെ സുധാകരന്‍ അനുകൂല ഫ്‌ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂര്‍ ചുങ്കക്കുന്ന് മുതല്‍ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളില്‍ എട്ടോളം ഫ്‌ലക്‌സ് ബോര്‍ഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോര്‍ഡുകള്‍ക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്.
'നട്ടുനനച്ചു വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയുള്ള ഫ്‌ലക്‌സുകളാണ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ കണ്ണൂര്‍ ഡി സി സി ഓഫീസിന് മുന്നിലും സമാനമായ ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. കെ സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള അണികളുടെ പരസ്യ പ്രതികരണം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി.