തീരുമാനം ഹൈക്കമാന്‍ഡ് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു; കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍ 

പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും  എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹെക്കമാന്‍ഡ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

 

തിരുവനന്തപുരം: സീറ്റ് വിവാദം നിലനിൽക്കെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ച് കെ സുധാകരന്‍. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും  എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹെക്കമാന്‍ഡ് തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
''നേതൃത്വം ചര്‍ച്ചയ്ക്ക് വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം?. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും സുധാകരന്‍ പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ല, അദ്ദേഹത്തിന്റെ പ്രതികരണം മറ്റ് വല്ലവരും നല്‍കിയ വിവരങ്ങള്‍ പ്രകാരമായിരിക്കുമെന്നും സുധാകരന്‍ പറയുന്നു. കെ സുധാകരന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ച് കെ സുധാകരന് അറിയില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷിക്കാമെന്നാണ് അദ്ദേഹം പറഞ്ഞു എന്നുമായിരുന്നു വി ഡി സതീശന്റെ വാദം.