'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല; പ്രതികരണവുമായി കെ സുധാകരൻ

ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ

 

ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ നിഷേധിച്ച് കോൺ​ഗ്രസ് നേതാവ് കെ സുധാകരൻ. ''ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല'' എന്നായിരുന്നു കെ സുധാകരൻ പ്രതികരിച്ചത്.

നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ''എന്നെ വിളിച്ചിട്ടില്ലന്നേ... എന്നെ വിളിക്കണ്ടേ....'' എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ സുധാകരൻ ഡൽഹിയിലെത്തിയത്. സുധാകരൻ ഇന്ന് പാർലമെന്റിൽ പോകുന്നുണ്ട്. അവിടെ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല.