കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ പ്രചരിപ്പിച്ച സംഭവം : യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്

 

കണ്ണൂർ : കെ സുധാകരനെതിരെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സ്ഥാപിച്ച പോസ്റ്ററിനെതിരെ യൂത്ത് കോൺഗ്രസ് നിയമ നടപടിക്ക്. രാഷ്ട്രീയ എതിരാളികളാണ് പോസ്റ്റരിന് പിന്നിലെന്നാണ് ആരോപണം.  കോൺഗ്രസിന്റെ പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിനെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്  നിയമ നടപടി ആവശ്യപ്പെട്ട് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി .

കണ്ണൂര്‍ തളാപ്പ് റോഡിലാണ് വിവിധയിടങ്ങളില്‍യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ സുധാകരനെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചത്. നെഹ്രുവിനെ തള്ളി പറഞ്ഞ് ആര്‍. എസ്. എസിനെ ന്യായീകരിക്കുന്ന സുധാകരന്‍ കോണ്‍ഗ്രസിന്റെ അന്തകന്‍,  കോണ്‍ഗ്രസിനെ ആര്‍. എസ്. എസില്‍ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.  ഗാന്ധി ഘാതകരെ സംരക്ഷിച്ച കെ. സുധാകരന്‍, കോണ്‍ഗ്രസിന്റെ ശാപം, ആര്‍. എസ്. എസ് ശാഖയ്ക്ക് കാവല്‍ നിന്ന പാരമ്പര്യം അപമാനകരം, തുടങ്ങിയ വിമര്‍ശനങ്ങളും പോസ്റ്ററിലുണ്ട്. മുന്‍ഡി.സി.സി പ്രസിഡന്റായിരുന്ന പി. രാമകൃഷ്ണന്റെ സുധാകരനെതിരായ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും ഡി.സി.സി ഓഫീസിനു മുന്‍പിലെ തളാപ്പ് റോഡില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ പറയുന്നു.