കണ്ണൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് കെ സുധാകരന്‍
നാളെയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നത്.
സുധാകരന്‍ ഉയര്‍ത്തുന്ന സമ്മര്‍ദം എല്‍ഡിഎഫിന് അനുകൂലമാകുമോ എന്ന ആശങ്ക നിരവധി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്
കണ്ണൂര്‍ സീറ്റില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്ന തീരുമാനത്തില്‍ ആണ് കെ സുധാകരന്‍. നാളെയാണ് സുധാകരനുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നത്.
അതേസമയം സുധാകരന്റെ പിടിവാശിയോട് ജില്ലയിലെ ഒരു വിഭാഗം നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തി ഉണ്ട്. കണ്ണൂരില്‍ സുധാകരന്‍ ജയിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പുണ്ടെങ്കിലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ താല്‍പര്യമില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരിക്കും മത്സരിക്കുന്നതെന്ന് ഏറെക്കുറെ ധാരണയായി. വീണ്ടും മത്സരിച്ചാല്‍ കടന്നപ്പള്ളി തോല്‍ക്കുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എന്നാല്‍ സുധാകരന്‍ ഉയര്‍ത്തുന്ന സമ്മര്‍ദം എല്‍ഡിഎഫിന് അനുകൂലമാകുമോ എന്ന ആശങ്ക നിരവധി പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നുണ്ട്