തെരഞ്ഞെടുപ്പ് സർവ്വേയിലെ തിരിച്ചടി: സുധാകരനെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങി കോൺഗ്രസ്

കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന് വിജയ സാധ്യതയെന്ന മാതൃഭൂമിസർവ്വെ ഫലം പുറത്തു വന്നതോടെ യു.ഡി.എഫ് ക്യാംപുകൾ ആശങ്കയിൽ. രണ്ടു ശതമാനം വോട്ടുകൾക്കാണ് സിറ്റിങ് എം.പി കെ.സുധാകരന്റെ തോൽവി ചാനൽ സർവ്വേ ഫലത്തിൽ പ്രഖ്യാപിച്ചത്. 
 

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി ജയരാജന് വിജയ സാധ്യതയെന്ന മാതൃഭൂമിസർവ്വെ ഫലം പുറത്തു വന്നതോടെ യു.ഡി.എഫ് ക്യാംപുകൾ ആശങ്കയിൽ. രണ്ടു ശതമാനം വോട്ടുകൾക്കാണ് സിറ്റിങ് എം.പി കെ.സുധാകരന്റെ തോൽവി ചാനൽ സർവ്വേ ഫലത്തിൽ പ്രഖ്യാപിച്ചത്. 

എം.വി ജയരാജൻ 42 ശതമാനവും കെ.സുധാകരൻ 39 ശതമാനവും എൻ. ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥിന് 17 ശതമാനവുമാണ് വോട്ടിങ് ഷെയർ പ്രവചിക്കുന്നത്. എന്നാൽ സർവെ ഫലം യുക്തിഭദ്രമല്ലെന്നും രാഷ്ട്രീയ പ്രേരിതവുമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപുകൾ. കേരളമാകെ യു.ഡി.എഫ് തരംഗം ആഞ്ഞു വീശുമെന്ന് സർവേ ഫലം തന്നെ ചൂണ്ടിക്കാട്ടുമ്പോൾ കണ്ണൂരിൽ മാത്രമെങ്ങനെ എൽ.ഡി എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നാണ് ഇവർ ചോദിക്കുന്നത്. 

സുധാകരൻ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചതോടെ നേരിയ മുൻതൂക്കം തങ്ങൾക്ക് ലഭിച്ചുവെന്നാണ് യു.ഡി.എഫ് ക്യാംപുകൾ പറയുന്നത് 2019 ൽ 12 ശതമാനം വോട്ടു ഷെയറുള്ള ബി.ജെ.പിക്ക് ഇക്കുറി 17 ശതമാനം ലഭിക്കുമെന്ന പ്രവചനവും അസംഭവ്യമാണെന്ന വിലയിരുത്തലുമുണ്ട്. എന്തു തന്നെയായാലും മാതൃഭൂമി സർവേ ഫലം കോൺഗ്രസ് ക്യാംപുകളിൽ ആശങ്കയോടൊപ്പം ജാഗ്രതയും വർധി പിച്ചിട്ടുണ്ട്. 

എങ്ങനെയെങ്കിലും കെ.സുധാകരനെ വിജയിപ്പിക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലീം ലീഗ് സജീവമായി രംഗത്തിറങ്ങിയതും കോൺഗ്രസ് ക്യാംപുകളിൽ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്.