‘കേരളത്തിന് ലഭിക്കേണ്ട 17,000 കോടി രൂപ വെട്ടിക്കുറച്ചു’ ; കേന്ദ്രത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് കെ.എൻ. ബാലഗോപാൽ

 

കേരളത്തിന് ലഭിക്കേണ്ട 17,000 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നും ഐജിഎസ്ടി (IGST) പൂളിൽ നിന്ന് ലഭിക്കേണ്ട തുകയിൽ ഉണ്ടായ 965 കോടിയുടെ കുറവ് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ഇവിടുത്തെ ജനങ്ങൾ ചെയ്ത പാതകമെന്താണെന്ന് ചോദിച്ച മന്ത്രി, കേന്ദ്രത്തിന്റെ ഈ ഏകപക്ഷീയ നിലപാട് സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്നും മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തിന്റെ അവകാശപ്പെട്ട ഫണ്ട് അനുവദിക്കണമെന്ന കാര്യത്തിൽ സർക്കാരിന് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും ഇത് ആരുടെയും ദാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനത്തിനുള്ള തുക പോലും പരിഗണിക്കാത്ത കേന്ദ്ര നിലപാട് ബിജെപി നേതാക്കളും യുഡിഎഫും എന്ത് കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ബാലഗോപാൽ ആരാഞ്ഞു. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരം സാമ്പത്തിക നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന സൂചനയും അദ്ദേഹം നൽകി. കേരളത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഈ ‘ശ്വാസം മുട്ടിക്കൽ’ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. തിരഞ്ഞെടുപ്പിലെ തിരിച്ചടി ഒരു പാഠമാണെന്നും സംഘടനാതലത്തിൽ വിശദമായ പരിശോധനകൾ നടത്തി പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളിൽ ഉണ്ടായ പരാജയത്തിന് അമിത ആത്മവിശ്വാസവും കാരണമായിട്ടുണ്ട്. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾ പലയിടത്തും വർഗീയ ശക്തികളെ സഹായിക്കുന്നതാണെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും മന്ത്രി വിമർശിച്ചു. കൂടാതെ, കരോൾ സംഘങ്ങളെ ആക്രമിക്കുന്ന തരത്തിലുള്ള വർഗീയത കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായി വ്യക്തമാക്കി.