ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം പരിഗണിക്കും ; ദേവസ്വം മന്ത്രി കെ. മുരളീധരൻ 

 

 ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കേസിലെ കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ മന്ത്രിസഭ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും, മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. മിഥുനമാസ പൂജകൾക്കായി നട തുറന്ന സാഹചര്യത്തിലായിരുന്നു പരിശോധന. തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തിൽ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി തൂക്കം പരിശോധിച്ചു. ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.