സംസ്ഥാനത്ത് നിപ വൈറസ് വ്യാപനമില്ല, ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ്,  പ്രതിപക്ഷം രാഷ്ട്രീയ ആയുധം പോലെ ഉപയോഗിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ നിപ വൈറസ് വ്യാപനമില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിലവിലെ സാഹചര്യത്തെ പ്രതിപക്ഷം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മാത്രമാണ് ആയുധമാക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി വന്നിട്ടുണ്ട്. നിലവില്‍ ഒരാള്‍ മാത്രമാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നത്, അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. സംശയമുള്ള എല്ലാ കേസുകളും സര്‍ക്കാര്‍ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും ഒരു കേസും പരിശോധിക്കാതെ വിടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം ദൗര്‍ഭാഗ്യകരമാണ്. വീണുകിട്ടിയ ഒരു രാഷ്ട്രീയ ആയുധം പോലെയാണ് പ്രതിപക്ഷം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്ന സമീപനം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് മന്ത്രി സ്ഥലത്ത് എത്തിയിട്ടില്ല എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരുവനന്തപുരത്ത് ഇരുന്നു കൊണ്ട് സംസ്ഥാനത്തെ മൊത്തം കാര്യങ്ങള്‍ ഏകോപിപ്പിക്കുകയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നെന്നും മന്ത്രി വിശദീകരിച്ചു. നിലവില്‍ റവന്യൂ മന്ത്രി കോഴിക്കോടുണ്ടെന്നും അവിടെ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരത്തിനുള്ളില്‍ എത്തിക്കുമെന്നും മറ്റു മരുന്നുകള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രതിപക്ഷം ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കാതെ ഗൗരവകരമായ സമീപനം സ്വീകരിക്കണമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.