കെ.എം. മാണി: ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ നിർവഹിച്ച ഭരണാധികാരി :കെ മുരളീധരൻ

കാലാകാലങ്ങളിൽ ഏറ്റെടുത്ത മുഴുവൻ ഉത്തരവാദിത്വങ്ങളും ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥതയോടുകൂടി നിർവഹിച്ച ഭരണാധികാരിയായിരുന്നു കെ. എം. മാണി സാർ എന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. മുരളീധരൻ പറഞ്ഞു.

 

കാലാകാലങ്ങളിൽ ഏറ്റെടുത്ത മുഴുവൻ ഉത്തരവാദിത്വങ്ങളും ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥതയോടുകൂടി നിർവഹിച്ച ഭരണാധികാരിയായിരുന്നു കെ. എം. മാണി സാർ എന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിൽ എതിർക്കപ്പെടുമ്പോഴും ജനാധിപത്യ പ്രക്രിയയിൽ തികച്ചും ബഹുമാന്യമായ സ്ഥാനം നേടിയ അപൂർവ്വം ചില നേതാക്കളിൽ ഒരാളാണ് മാണി സാറെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലം മുതൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മെന്റൽ റിട്ടാർഡേഷനിൽ വച്ച് കേരള കോൺഗ്രസ് (എം) സംഘടിപ്പിച്ച കെ. എം. മാണി സാറിന്റെ 93-)o ജന്മദിനത്തോടനുബന്ധിച്ചുള്ള കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലും മന്ത്രിസഭയിലും ബജറ്റ് അവതരണത്തിലും ഒക്കെയുള്ള മാണി സാറിന്റെ റെക്കോർഡുകൾ ഇനി ആർക്കെങ്കിലും തകർക്കാൻ കഴിയുമോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. എസ്. മനോജ് അധ്യക്ഷത വഹിച്ചു. സി. ഐ. എം. ആർ ഡയറക്ടർ റവ. ഫാ. സി. ടി. തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, കെറ്റ്കോ ചെയർമാനും സി.പി.എം. നേതാവുമായ ഡി.ആർ. അനിൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. സി. ആർ. സുനു, നേതാക്കളായ, കെ. എച്ച്. ഹാഫീസ്, അഡ്വ. സതീഷ് വസന്ത്, കെ. എസ്. അനിൽ, വട്ടിയൂർക്കാവ് അനിൽ, ആട്ടുകാൽ അജി, രാജൻ പി. പൊഴിയൂർ, അജിത്ത് എം. നായർ. വാർഡ് കൗൺസിലർ സി. രേഷ്മ. സിസ്റ്റർ എലിസ് മേരി തുടങ്ങിയവർ സംസാരിച്ചു. 

ലോക കേരള സഭ നടക്കുന്നതിനാൽ മന്ത്രി ജി. ആർ. അനിലിനും  വി. ശശി എം.എൽ.എ ക്കും വൈകിയേ വരാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. പനി ബാധിച്ച കാരണം വി. കെ. പ്രശാന്ത് എം.എൽ.എ ക്കും  അവസാന നിമിഷം പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നു. ബിജെപിയുടെ ഒരു യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതു കൊണ്ട് പരിപാടിയിൽ ക്ഷണിക്കപ്പെട്ട ശ്രീ. കരമന ജയന് സമയത്തിന് എത്താൻ കഴിയില്ല എന്ന് അറിയിച്ചു. ചടങ്ങ് തുടങ്ങുമ്പോൾ തന്നെ എത്തിച്ചേർന്ന ശ്രീ കെ. മുരളീധരനെ മാത്രമേ ക്ഷണിച്ചുള്ളു എന്ന വാർത്തകൾ  തീർത്തും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു ശ്രീ. എസ്. എസ്. മനോജ് പറഞ്ഞു.