'മാധ്യമങ്ങൾ എത്ര കുത്തിച്ചോദിച്ചാലും നാലാം തീയതി കഴിയാതെ പറയില്ല' ; മുഖ്യമന്ത്രി ചർച്ചകളിൽ വീണ്ടും നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ 

 സംസ്ഥാനത്തെ മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളിൽ വീണ്ടും നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മാധ്യമങ്ങൾ എത്ര കുത്തിച്ചോദിച്ചാലും വോട്ടെണ്ണൽ ദിനമായ നാലാം തീയതി കഴിയാതെ ഇക്കാര്യത്തിൽ ഒരു അഭിപ്രായവും പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ.

 

 തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളിൽ വീണ്ടും നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മാധ്യമങ്ങൾ എത്ര കുത്തിച്ചോദിച്ചാലും വോട്ടെണ്ണൽ ദിനമായ നാലാം തീയതി കഴിയാതെ ഇക്കാര്യത്തിൽ ഒരു അഭിപ്രായവും പറയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുരളീധരൻ.

വട്ടിയൂർകാവിലൊക്കെ ബലാബലമെന്നാണ് സർവേയിൽ പറയുന്നത്. അതിനാൽ ഫലം വരുന്നത് വരെ കാത്തിരിക്കാം. പാർട്ടി വിജയിക്കുകയാണങ്കിൽ എല്ലാവർക്കും അതി​ന്റേതായ ഉത്തരവാദിത്വം ഉണ്ട്. അതുകൊണ്ട് വരാൻപോകുന്നത് ടീം യു.ഡി.എഫിന്റെ വിജയമായിരിക്കും.

മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് പിണറായി വിജയനാണെന്നുള്ള സർവ്വേ റിപ്പോർട്ടിനെയും അദ്ദേഹം പരിഹസിച്ചു. ഇത് ഒരു വിരോധാഭാസമാണെന്നും അങ്ങനെ ഒരു മുൻതൂക്കം ഉണ്ടെങ്കിൽ ആ പാർട്ടി ജയിക്കണ്ടേ. പാർട്ടി തോൽക്കുമ്പോൾ മുഖ്യമന്ത്രിക്ക് മുൻതൂക്കം എന്ന് പറയുന്നതിൽ വലിയ അർഥമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കണക്ക് കൂട്ടലുകൾക്ക് അടുത്തുതന്നെയാണ് കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോളുകൾ. നാലാം തീയതിയുള്ള റിസൾട്ടിനെ കുറിച്ച് ഞങ്ങൾക്ക് ശുഭപ്രതീക്ഷയാണ്. അതിനുശേഷമുള്ള കാര്യങ്ങൾക്ക് നടപടിക്രമങ്ങൾ ഉണ്ട്. അതിനാൽ മറ്റ് ചർച്ചകൾ ഇപ്പോൾ ആവശ്യമില്ല. ലീഗടക്കമുള്ള ഘടക കക്ഷികൾക്ക് വി.ഡി സതീശനോടാണ് താൽപര്യമെന്ന് കതുതുന്നില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ അദ്ദേഹം പറഞ്ഞു.

പാർട്ടി ഒരു നേതാവിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ സ്വാഭാവികമായിട്ടും മറ്റു ഘടകക്ഷികളെ വിവരം അറിയിക്കും. അവരുടെ കൂടെ അനുവാദം വാങ്ങിയിട്ടായിരിക്കും ആളെ പ്രഖ്യാപിക്കുക. മുഖ്യമന്ത്രി വിഷയത്തിൽ ഒരു ഘടക കക്ഷികളും ഇതുവരെ രഹസ്യമായിട്ടും പരസ്യമായിട്ടും ഒരുഅഭിപ്രായവും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.