വീര്യം കുറഞ്ഞ മദ്യം: 'ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല'; വിമര്‍ശനവുമായി ജിന്റോ

ശരിതെറ്റുകളുടെ തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തിയാലും ബാര്‍കോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങള്‍ സമ്മാനിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തോല്‍പ്പിച്ച ചിലതില്‍ ഒന്നായിരുന്നു.

 

എത്രയോ നല്ല കാര്യങ്ങള്‍ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരണങ്ങള്‍ക്ക് ചെലവഴിക്കുന്നത് വലിയ നഷ്ടമാണെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ജനാധിപത്യ മാതൃകയല്ലെന്ന് ജിന്റോ ജോണ്‍ പറഞ്ഞു. എത്രയോ നല്ല കാര്യങ്ങള്‍ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരണങ്ങള്‍ക്ക് ചെലവഴിക്കുന്നത് വലിയ നഷ്ടമാണെന്നും ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒറ്റൊരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുക എന്നത് ഒരു ജനാധിപത്യ മാതൃകയല്ല. കൂട്ടായ ആലോചന എന്നത് ജനാധിപത്യത്തില്‍ ഒരു മോശപ്പെട്ട സംസ്‌കാരവുമല്ല. എത്രയോ നല്ല കാര്യങ്ങള്‍ പറയാനും പ്രചരിപ്പിക്കാനുമുള്ള വിലപ്പെട്ട സമയം വ്യക്തതയില്ലാത്ത ന്യായീകരങ്ങള്‍ക്ക് ചിലവഴിക്കുന്നത് വലിയ നഷ്ടമാണ്. ലക്ഷ്യങ്ങള്‍ നല്ലതാകാം കാഴ്ചപ്പാടുകള്‍ മികച്ചതാകാം. പക്ഷേ അതെല്ലാം നടപ്പിലാക്കാനുള്ള വഴികളും നല്ലത് തന്നെയാകണം. നല്ലതെല്ലാം നന്നായി തന്നെ ചെയ്യുമ്പോഴാണ് നന്മകള്‍ വിതരണം ചെയ്യൂക. അല്ലെങ്കില്‍ ഭൂതകാല വീഴ്ചകളുടെ ആവര്‍ത്തന സാമ്യം തോന്നിയേക്കാം.

ശരിതെറ്റുകളുടെ തര്‍ക്കങ്ങള്‍ മാറ്റിനിര്‍ത്തിയാലും ബാര്‍കോഴ ആരോപണം ഒരുപാട് നന്മകളുടെ നേരനുഭവങ്ങള്‍ സമ്മാനിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തോല്‍പ്പിച്ച ചിലതില്‍ ഒന്നായിരുന്നു. ആ ആരോപണം മറന്ന് അതിനെല്ലാം കാരണമായ പാര്‍ട്ടിയെ സിപിഎം ചുമന്നെങ്കിലും അവരോടുള്ള മറുചോദ്യമാക്കരുത് വര്‍ത്തമാനകാല തീരുമാനങ്ങള്‍. ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പിണറായിസ്റ്റുകള്‍ക്കും പ്രത്യേകമായി അന്നത്തെ എക്സൈസ് മന്ത്രിക്കും തരിമ്പും അവകാശമില്ല.

പക്ഷേ പൊതുജനങ്ങള്‍ക്ക് ഉണ്ടെന്ന് ഓര്‍ക്കുന്നത് ജനാധിപത്യത്തിന്റെ മര്യാദ ശീലങ്ങള്‍ ആകണം. ലോട്ടറിയും മദ്യവും മണല്‍ കച്ചവടവും അല്ലാതെയുള്ള മാജിക്ക് ആണ് കേരള വികസനത്തിന്റെ പുതുയുഗത്തില്‍ കാത്തിരിക്കുന്നത്. ബാക്കിയെല്ലാം ഐസക്ക് ഇക്കണോമിക്സിന്റെ പ്രേതാവേശം പോലെയാകും. ഇവയില്‍ ഏതായാലും ദൂരവ്യാപക സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കാത്തുവക്കുന്നതാണ്.

സുതാര്യതയില്ലാത്ത ഏത് നിലപാടും, കാരണം ബോധ്യപ്പെടുത്താനാവാത്ത പ്രഖ്യാപനങ്ങളും പൊതുനിരത്തില്‍ മറുപടി ഇല്ലാത്തവരാക്കുന്നത് കയ്യടിച്ച് മുദ്രാവാക്യം വിളിച്ച സാധാരണ പ്രവര്‍ത്തകരാണ്. പത്ത് കൊല്ലങ്ങളുടെ പടവെട്ട് കഴിഞ്ഞ് ഒന്ന് ശ്വാസം എടുത്തിട്ട് ന്യായീകരണത്തിന് ഇറങ്ങിയില്ലെങ്കില്‍ പതറിപ്പോകും ചിലപ്പോള്‍. ചോദ്യങ്ങള്‍ക്ക് ചാട്ടുളി പോലുള്ള ഉത്തരം പറഞ്ഞ് ശീലമുള്ളവര്‍ക്ക് തൊണ്ടയടയുന്ന പരുങ്ങല്‍ സമ്മാനിക്കരുത്... മുന്നില്‍ നിന്ന് ഉത്തരം പറയേണ്ടവര്‍ ഒതുങ്ങി നടക്കുന്ന ഓരോ മണിക്കൂറും ഉത്തരമില്ലാതെ കുഴയുന്നത് ഉത്തരവാദികള്‍ അല്ലാത്തവരാണ്. ഓര്‍ക്കണേ...