കേരള തീരത്ത് നങ്കൂരമിട്ട ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

 

ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.

 

പരമാവധി അടുത്ത് നിന്ന് ദൃശ്യങ്ങളെടുത്ത ഇവര്‍ ഇവ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു

കേരള തീരത്ത് നങ്കൂരമിട്ടിരിക്കുന്ന ഇറാന്‍ കപ്പലിന്റെ ദൃശ്യം പകര്‍ത്തിയതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ ശങ്കര്‍, ക്യാമറ പേഴ്‌സണ്‍ മണി എന്നിവരാണ് ഐആര്‍ഐഎസ് ലാവന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ അറസ്റ്റിലായത്. കപ്പലുകളുടെ ഫോട്ടോയോ വീഡിയോയോ പകര്‍ത്തിയാല്‍ കേസെടുക്കുമെന്ന് കൊച്ചി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന്റെ സുരക്ഷാമേഖലയും കടന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മാധ്യമപ്രവര്‍ത്തകനെയും ക്യാമറാ പേഴ്‌സണെയും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ സിഐഎസ്എഫിന്റെ സുരക്ഷാസംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്. കൊച്ചിയില്‍ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്താനായി സ്പീഡ് ബോട്ട് എടുത്താണ് ഇവര്‍ പോയത്.


പരമാവധി അടുത്ത് നിന്ന് ദൃശ്യങ്ങളെടുത്ത ഇവര്‍ ഇവ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സിഐഎസ്എഫ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് പറയുന്നു.