ജെസ്ന തിരോധാനം ; സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശം
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് കാണിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി.യു. അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശി ജെസ്ന മറിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. സിബിഐ നിരന്തരം ചോദ്യം ചെയ്ത് ദ്രോഹിക്കുന്നുവെന്ന് കാണിച്ച് ഇടുക്കി ഉപ്പുകണ്ടം സ്വദേശി ടി.യു. അരുൺ സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണമെന്നും സിബിഐയുടെ അന്വേഷണം നിയമപരമായി തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹർജിക്കാരനെതിരായ ചില സാഹചര്യങ്ങൾ സിബിഐ ചൂണ്ടിക്കാണിച്ചിട്ടുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. 2018 മാർച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ജെസ്നയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ മജിസ്ട്രേറ്റ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി നിരന്തരം വിളിപ്പിച്ച് ദ്രോഹിക്കുന്നുവെന്നാണ് അരുൺ ഹർജിയിൽ ആരോപിച്ചിരുന്നത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ കൈമാറിയെന്നും, പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾക്ക് സ്വമേധയാ വിധേയനായെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസിനെ തുടർന്ന് രണ്ട് തവണ ജോലി നഷ്ടപ്പെട്ടതായും ഗുരുതര മാനസികപ്രശ്നങ്ങൾ നേരിടുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അന്വേഷണം അനിശ്ചിതകാലം നീട്ടാനാകില്ലെന്നും ആറ് മാസത്തിനകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി.