ജെഇഇ മെയിൻ 2026: സെഷൻ 2 അപേക്ഷാ തിരുത്തല്‍ ഇന്ന് മുതല്‍
ജെ ഇഇ മെയിൻ പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്‌ക്ക് സെഷൻ 2 പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്കുള്ള തിരുത്തല്‍ നടപടികള്‍ ഫെബ്രുവരി 27 മുതല്‍ ആരംഭിക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
അപേക്ഷാ ഫോമുകളില്‍ പിശകുകള്‍ സംഭവിച്ച ഉദ്യോഗാർത്ഥികള്‍ക്ക് ഫെബ്രുവരി 28 രാത്രി 11.50 വരെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in വഴി ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
സെഷൻ 1-ല്‍ രജിസ്റ്റർ ചെയ്തവർക്ക് പേപ്പർ, ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷാ നഗരം, അക്കാദമിക് വിവരങ്ങള്‍ തുടങ്ങിയവയില്‍ മാറ്റം വരുത്താൻ സാധിക്കും. എന്നാല്‍, സെഷൻ 2-ലേക്ക് മാത്രം പുതുതായി അപേക്ഷിച്ചവർക്ക് മൊബൈല്‍ നമ്പർ, ഇമെയില്‍ വിലാസം, ഫോട്ടോ തുടങ്ങിയ പ്രധാന വിവരങ്ങളില്‍ മാറ്റം വരുത്താൻ അനുവാദമില്ല. ഇവർക്ക് പേര്, മാതാപിതാക്കളുടെ പേര്, അക്കാദമിക് രേഖകള്‍, വിഭാഗം തുടങ്ങിയ വിവരങ്ങള്‍ തിരുത്താൻ സാധിക്കും. വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അധിക തുക ഫീസായി നല്‍കേണ്ടി വന്നേക്കാം.
തിരുത്തല്‍ നടപടികള്‍ പൂർത്തിയായാല്‍ ഉടൻ തന്നെ എൻടിഎ പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പും തുടർന്ന് അഡ്മിറ്റ് കാർഡും വെബ്‌സൈറ്റില്‍ ലഭ്യമാക്കും. പരീക്ഷാ തീയതിയും ഷിഫ്റ്റും അഡ്മിറ്റ് കാർഡിലുണ്ടാകും. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികള്‍ എത്രയും വേഗം വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു