സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമെന്നോണമാണ് തനിക്കെതിരായ കേസും അറസ്റ്റും, മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു : ജാന്‍മണി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമെന്നോണമാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി. മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യംവെച്ചു. തുടര്‍ച്ചയായി അപമാനിക്കുകയാണ്.

 

 കോഴിക്കോട് : സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമെന്നോണമാണ് തനിക്കെതിരായ കേസും അറസ്റ്റുമെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി. മാപ്പ് പറഞ്ഞതിന് ശേഷവും തന്നെ ലക്ഷ്യംവെച്ചു. തുടര്‍ച്ചയായി അപമാനിക്കുകയാണ്. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ജാന്‍മണി പറഞ്ഞു. ഹിന്ദി വീഡിയോ പരിഭാഷപ്പെടുത്തിയപ്പോള്‍ അബദ്ധം പറ്റിയതാണ്. പ്രധാനമന്ത്രിക്ക് എതിരെ പരാമര്‍ശം പാടില്ലായിരുന്നുവെന്നും ജാന്‍മണി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുവെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജാന്‍മണി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ജാന്‍മണിയുടെ അറസ്റ്റ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജാന്‍മണിയെ കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജാൻമണിയുടെ പരാമർശം വന്ന വീഡിയോ പകർത്തിയ കോഴിക്കോട് തിരുവമ്പാടി സ്വദേശി എബിൻ, പാലക്കാട് സ്വദേശി സജിത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളായിരുന്നു ജാന്‍മണിക്കെതിരെ ചുമത്തിയിരുന്നത്. ഇതേ തുടര്‍ന്നാണ് ജാന്‍മണിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്.

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിഷയത്തിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രവര്‍ത്തകര്‍ ജന്തര്‍ മന്തറില്‍ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു ജാന്‍മണിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ ജാന്‍മണി മാപ്പ് പറഞ്ഞിരുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കില്ലെന്നും തെറ്റ് ചെയ്തതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ നിലപാട്.