10 വര്‍ഷം കഴിഞ്ഞും ചിന്നക്കനാലില്‍ ആനയുണ്ടായാല്‍ അതൊരു വിസ്മയം; കെ ആര്‍ മീര
10 വര്‍ഷം കഴിഞ്ഞും ചിന്നക്കനാലില്‍ ആനയുണ്ടായാല്‍ അതൊരു വിസ്മയം; കെ ആര്‍ മീര
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്നാര്‍ മേഖലയില്‍ ചത്തുപോയ കുട്ടിയാനകള്‍ പതിനേഴോ പതിനെട്ടോ. വൈറസ് ബാധയാണു കാരണമായി കേട്ടത്.
ഒരെണ്ണം ഷോക്കേറ്റു ചത്തു. രണ്ടാമത്തേത് പരിക്കേറ്റ് ചത്തു. മൂന്നാമത്തേതിനെ കാടുകടത്തി. ബാക്കിയുള്ളത് ചക്കക്കൊമ്പനാണ്.
മിഷന്‍ ചക്കക്കൊമ്പനുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രതികരണവുമായി എഴുത്തുകാരി കെ ആര്‍ മീര. പത്തുവര്‍ഷം കഴിഞ്ഞും ചിന്നക്കനാലില്‍ ആനയുണ്ടായാല്‍ അതൊരു വിസ്മയമായിരിക്കുമെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചിന്നക്കനാലില്‍ നാലു കൊമ്പന്‍മാര്‍ ഉണ്ടായിരുന്നു. ഒരെണ്ണം ഷോക്കേറ്റു ചത്തു. രണ്ടാമത്തേത് പരിക്കേറ്റ് ചത്തു. മൂന്നാമത്തേതിനെ കാടുകടത്തി. ബാക്കിയുള്ളത് ചക്കക്കൊമ്പനാണ്. ചക്കക്കൊമ്പന്‍ മുതുകില്‍ തറച്ച സിറിഞ്ചുമായി ഓടുകയാണെന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
ചിന്നക്കനാലില്‍ നാലു കൊമ്പന്‍മാര്‍ ഉണ്ടായിരുന്നു. ഒരെണ്ണം ഷോക്കേറ്റു ചത്തു. രണ്ടാമത്തേതു പരുക്കേറ്റു ചത്തു. മൂന്നാമത്തേതിനെ കാടുകടത്തി. ബാക്കിയുള്ളതു ചക്കക്കൊമ്പന്‍. ചിന്നക്കനാലിലെ അവസാനത്തെ കൊമ്പന്‍. ചക്കക്കൊമ്പന്‍ മുതുകില്‍ തറച്ച സിറിഞ്ചുമായി ഓടുന്നതു കണ്ടപ്പോള്‍ ഇതിനുമുമ്പ് അവിടുത്തെ ഒരു 'കൊലയാളി' ആനയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞത് ഓര്‍മവന്നു.
ആ 'കൊലയാളി കൊമ്പന്റെ' തൊലിയില്‍തുളഞ്ഞു കയറിയിരുന്ന 'എണ്‍പതു പെല്ലെറ്റുകള്‍ വരെ എണ്ണി, അത്രയുമായപ്പോള്‍ നിര്‍ത്തി' എന്ന്. പരുക്കേറ്റ മറ്റൊരു കൊമ്പനു മരുന്നു കുത്തിവയ്ക്കാന്‍ പണിപ്പെട്ടത്രേ. തുളഞ്ഞുകയറിയ പെല്ലെറ്റിനുമേല്‍ മാംസംമൂടി കല്ലുപോലെയാകാത്ത ഒരിടംവേണ്ടേ സൂചി കയറ്റാന്‍ ?
ആനക്കൂട്ടത്തില്‍ അമ്മയാണു ലീഡര്‍. കുട്ടികളും പിടിയാനകളുംചേര്‍ന്നതാണു കൂട്ടം. പ്രായപൂര്‍ത്തിയാകുന്നതോടെ ആണ്‍മക്കളെ അമ്മയാന പുറത്താക്കും. (ഇന്‍ബ്രീഡിങ് തടയുന്നതിനാണ് ഈ സംവിധാനം. രക്തബന്ധമുള്ള മൃഗങ്ങള്‍ ഇണചേര്‍ന്നുണ്ടാകുന്ന കുട്ടികള്‍ക്കു രോഗപ്രതിരോധശേഷി കുറയും.)
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മൂന്നാര്‍ മേഖലയില്‍ ചത്തുപോയ കുട്ടിയാനകള്‍ പതിനേഴോ പതിനെട്ടോ. വൈറസ് ബാധയാണു കാരണമായി കേട്ടത്. ഇന്‍ബ്രീഡിങ് കാരണമെന്നു ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ഇന്‍ബ്രീഡിങ് ഒഴിവാക്കാന്‍വേണ്ടിക്കൂടിയാണ് ആനകള്‍ മറ്റു കാടുകളിലേക്കു സഞ്ചരിക്കുന്നത്. ഒരു വനത്തില്‍നിന്നു മറ്റൊന്നിലേക്കു കടക്കാനും തിരിച്ചു വരാനും അവര്‍ക്കുള്ളതു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആനത്താരകളാണ്.
മൂന്നാറില്‍നിന്നു മതികെട്ടാനുള്ളിലേക്കുള്ള ആ വഴിത്താര രണ്ടു കോര്‍പറേറ്റ് കമ്പനികള്‍ ഏറ്റെടുത്തു. തോമസ് കുക്ക് കമ്പനിയുടെ സ്റ്റെര്‍ലിങ് റിസോര്‍ട്ടും മഹീന്ദ്രയുടെ ക്ലബ് മഹീന്ദ്ര റിസോര്‍ട്ടും ഉയര്‍ന്നപ്പോള്‍ ആ വഴി അടഞ്ഞെന്നു വനം വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഈയിടെ വെളിപ്പെടുത്തി.
2001ല്‍ എ കെ ആന്റണി സര്‍ക്കാര്‍ ഭൂമിയില്ലാത്ത 559 ആദിവാസികള്‍ക്കു ഭൂമി അനുവദിച്ചു. ചിന്നക്കനാലില്‍ 682 ഏക്കര്‍.
അതോടെ മതികെട്ടാനിലേക്കു കടക്കാനുള്ള ആനത്താരയും അടഞ്ഞു. അന്നുമുതല്‍ ചിന്നക്കനാലിലെ ആനകള്‍ നാലുവശവും അടച്ചുകെട്ടിയ ഒരു കിണറ്റിനുള്ളില്‍ വട്ടംകറങ്ങുന്നു.
2010ല്‍ ഇവിടെയുണ്ടായിരുന്നതു 30-34 ആനകള്‍. ഇപ്പോഴത്തെ എണ്ണം 16-17. ഇപ്പോഴുള്ള കൂട്ടത്തില്‍ രണ്ടു കുട്ടിക്കൊമ്പന്‍മാരുണ്ട്. മൂത്തയാള്‍ക്ക് ആറു വയസ്സ്. രണ്ടാമനു മൂന്നു വയസ്സ്. ആയുസ്സുണ്ടായാലും, അവര്‍ക്കു പ്രായപൂര്‍ത്തിയാകാന്‍ ഇനിയും വേണം ഏഴെട്ടുവര്‍ഷം.
അതായത്, പത്തുവര്‍ഷം കഴിഞ്ഞും ചിന്നക്കനാലില്‍ ആനയുണ്ടായാല്‍ അതൊരു വിസ്മയം.
മൃഗങ്ങള്‍ ആയാലും മനുഷ്യര്‍ ആയാലും സഹജീവിതം സാധ്യമാകണമെങ്കില്‍ ഒരാള്‍ മറ്റേ ആളിന്റെ ഇടത്തെ മാനിക്കണം.
അതെങ്ങനെ എന്ന് അവിടുത്തെ ആദിവാസികള്‍ക്കറിയാം. പക്ഷേ വന്‍കിട കമ്പനികള്‍ക്കും നിക്ഷിപ്ത താല്പര്യക്കാര്‍ക്കും അറിയില്ല. അറിയാന്‍ ആഗ്രഹമില്ല. കൊന്നുകളയുന്നതാണെളുപ്പം.