'പീഡനമല്ല, നടന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം'; എസ്ഐടിയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്

 

യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല

മൂന്നാം ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍. 

മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുകയാണ്.