ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞത് അംഗീകരിക്കാൻ കഴിയില്ല; സർക്കാരിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തിരുവനന്തപുരം: ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.