'ഞാന്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞു; മാനസിക പ്രയാസത്തിന് ആര് മറുപടി പറയും?' വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പല്‍ 

സങ്കുചിത താല്പര്യങ്ങള്‍ക്കായി ഒരാളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

 

തനിക്കെതിരെ പൊലീസില്‍ ഒരു പരാതിപോലും ലഭിച്ചിട്ടില്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ പെരുമാറ്റങ്ങള്‍ ഉണ്ടായെങ്കിലും താന്‍ ആ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നില്ല,

വയനാട് മീനങ്ങാടി സ്‌കൂള്‍ വിനോദയാത്ര വിവാദത്തില്‍ പ്രതികരണവുമായി പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍ . പ്രിന്‍സിപ്പല്‍ മദ്യപിച്ചിട്ടില്ലെന്ന് രക്തപരിശോധനയിലൂടെ വ്യക്തമായിരുന്നു. സത്യം ജയിക്കും എന്നതിന്റെ ഉദാഹരണമാണിത്. താനും കുടുംബവും അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആര് സമാധാനം പറയുമെന്നും സങ്കുചിത താല്പര്യങ്ങള്‍ക്കായി ഒരാളെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെ പൊലീസില്‍ ഒരു പരാതിപോലും ലഭിച്ചിട്ടില്ല. കുട്ടികളുടെ ഭാഗത്തുനിന്ന് ചില അപക്വമായ പെരുമാറ്റങ്ങള്‍ ഉണ്ടായെങ്കിലും താന്‍ ആ കുഞ്ഞുങ്ങളെ കുറ്റപ്പെടുത്തുന്നില്ല, കാരണം അവര്‍ക്ക് അത്രയേ അറിവുള്ളൂ. തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ഇന്നലെ താന്‍ എത്തിയത്. എന്നാല്‍ അവിടെയെത്തിയവരില്‍ ഒരാളൊഴികെ മറ്റാരും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സംഭവത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും നീക്കങ്ങളും ഉണ്ടെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

പരാതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ താന്‍ യാതൊരു പരിശോധനകള്‍ക്കും വിധേയനാകാന്‍ നിയമപരമായി ബാധ്യസ്ഥനല്ലായിരുന്നു. എന്നിട്ടും യൂറിന്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ഈ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിനാണ് ചിലര്‍ ഉപയോഗിച്ചത്. പിടിഎ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. അനാവശ്യ വിവാദങ്ങള്‍ കാരണം കുട്ടികളും ഇപ്പോള്‍ വലിയ മാനസിക പ്രയാസത്തിലാണ്. തനിക്കെതിരെ നടന്ന ഈ ഗൂഢനീക്കങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.