രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ല, വീഴുമ്പോള്‍ ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണമെന്ന് പി സരിന്‍ 

അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ ഇവര്‍ എങ്ങനെയാണ് നോക്കുകുത്തിയായി മാറ്റിയത്? 

 

അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരുമെന്നും സരിന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കോടതി വിധി കോണ്‍ഗ്രസിലെ സ്ത്രീകള്‍ക്ക് കൂടി വേണ്ടിയുളളതാണെന്ന് പി സരിന്‍. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയായിരുന്നുവെന്നും പാര്‍ട്ടിക്കുളളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് പുഴുക്കുത്തുകളെ പുറത്താക്കിയില്ലെങ്കില്‍ കേരളത്തില്‍ ഒരിക്കല്‍ കോണ്‍ഗ്രസുണ്ടായിരുന്നു എന്ന് പറയേണ്ടിവരുമെന്നും സരിന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും വീഴുമ്പോള്‍ ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണമെന്നും പി സരിന്‍ പറഞ്ഞു. വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരുമെന്നും സരിന്‍ വ്യക്തമാക്കി.

'ഇയാളെ മാത്രം പൂട്ടിയത് കൊണ്ട് കാര്യമില്ല. ഈ ക്രൈം സിന്‍ഡിക്കേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിന് പല രീതികളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എങ്ങനെയായിരുന്നു ഇവര്‍ മാത്രം പങ്കുകൊണ്ടിരുന്നത്? അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ ഇവര്‍ എങ്ങനെയാണ് നോക്കുകുത്തിയായി മാറ്റിയത്? കെ സി വേണുഗോപാലിനെ പോലും അശക്തനാക്കിക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വരാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ പേരില്‍ തൂക്കിവിറ്റവരാണ് അവര്‍. 2026-ലെ ഭരണം കോണ്‍ഗ്രസിനാണ് എന്നാണ് അവരുടെ മനസില്‍. അന്ന് ഭരണത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയുമൊക്കെ ഇവര്‍ മൂന്നുപേരും ആയേക്കാം എന്നായിരിക്കുമല്ലോ അവര്‍ സ്വപ്നം കാണുന്നത്. ആ സ്വപ്നത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെ തലയെണ്ണി കണക്കുപറഞ്ഞ് അവര്‍ വാങ്ങിയത് എന്തൊക്കെയാണ്, ഇവര് ആരില്‍ നിന്നാണ് പണം കൈപ്പറ്റിയിരുന്നത്. ഇവരുടെ ഭയം എന്തായിരുന്നു എന്നെല്ലാം മനസിലാക്കണം', പി സരിന്‍ പറഞ്ഞു.

'2026-ലേക്കുളള യാത്രയ്ക്കിടയില്‍ തങ്ങളില്‍ ആരെങ്കിലും വീണുപോയാല്‍ ജനം നമ്മളെ കയ്യൊഴിയും. സിപിഐഎമ്മിനെതിരെ പറയാന്‍ പോലും ഒന്നുമില്ലാത്ത സാഹചര്യം. ഞാന്‍ വെറുതെയല്ല പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വി ഡി സതീശനെയും ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും വിളിച്ചത്. ഇവര്‍ നടത്തിയ ഹവാല ഇടപാടുകള്‍, റിവേഴ്സ് ഹവാല ഇടപാടുകള്‍, മറ്റ് ധനകാര്യ ഇടപെടലുകള്‍ ഒക്കെ ചര്‍ച്ചയിലേക്ക് വരും', സരിന്‍ പറഞ്ഞു.


2026-ല്‍ അധികാരം പിടിക്കണമെന്ന പാഴ്സ്വപ്നം കൈമാറിക്കൊണ്ട് ചെയ്ത നെറികേടുകള്‍ക്കൊക്കെ നിങ്ങളെവെച്ചാണ് അവര്‍ കവചം തീര്‍ത്തതെന്നാണ് കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കേണ്ടത്. നിങ്ങളെ വിറ്റാണ് ഈ പ്രസ്ഥാനത്തെ അവര്‍ ചതിച്ചത് എന്ന് നിങ്ങള്‍ തിരിച്ചറിയുന്ന നിമിഷം, വീഴുന്നത് ഈ മൂന്നുപേരും കൂടിയാകണം. അധികാരം പിടിക്കലാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ 2031-നെക്കുറിച്ച് നിങ്ങള്‍ സ്വപ്നം കാണുന്നുണ്ടെങ്കില്‍, നിങ്ങള്‍ തെറ്റുകള്‍ ഏറ്റുപറയുമ്പോള്‍ സകലതിനെയും ചെവിക്ക് പിടിച്ച് പുറത്താക്കുക എന്നതാണ്. അതിന് കെല്‍പ്പുളളവര്‍ പാര്‍ട്ടിക്കകത്ത് ഉണ്ടോ എന്ന് കണ്ടറിയണമെന്നും സരിന്‍ പറഞ്ഞു.

ഈ പൊളിക്കിറ്റല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ബാക്കി രണ്ടുപേര്‍ രണ്ട് ചേരികളിലായി തിരിഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സകല ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ക്ലാരിറ്റി വരും. അത്തരം പരാതികളൊക്കെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കയ്യിലുണ്ട്. പരാതികള്‍ മാത്രമല്ല തെളിവുകളുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.