ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ്; എതിർപ്പ് ശക്തമായതോടെ നിർദേശത്തിൽ നിന്ന് പിന്മാറാൻ തിരുവനന്തപുരം കോർപ്പറേഷൻ
ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന വിവാദ നിർദേശത്തിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ പിന്മാറിയേക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഉൾപ്പെടെയുള്ളവരിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് നിർദേശം ഉപേക്ഷിക്കാൻ കോർപ്പറേഷൻ ആലോചിക്കുന്നത്. പരിസ്ഥിതി സൗഹാർദപരമായി പൊങ്കാല നടത്തുന്നതിന്റെയും മാലിന്യസംസ്കരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന നിർദേശം മേയർ വി.വി. രാജേഷ് മുന്നോട്ടുവെച്ചത്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന വിവാദ നിർദേശത്തിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ പിന്മാറിയേക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഉൾപ്പെടെയുള്ളവരിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് നിർദേശം ഉപേക്ഷിക്കാൻ കോർപ്പറേഷൻ ആലോചിക്കുന്നത്. പരിസ്ഥിതി സൗഹാർദപരമായി പൊങ്കാല നടത്തുന്നതിന്റെയും മാലിന്യസംസ്കരണ ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കാമെന്ന നിർദേശം മേയർ വി.വി. രാജേഷ് മുന്നോട്ടുവെച്ചത്. എന്നാൽ, ഇത് പരമ്പരാഗത ആചാരങ്ങളെ അട്ടിമറിക്കുന്നതാണെന്നും പ്രായോഗികമല്ലെന്നും ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.
പൊങ്കാലയ്ക്ക് ശേഷം ലക്ഷക്കണക്കിന് ഇരുമ്പ് അടുപ്പുകൾ എങ്ങനെ ശേഖരിച്ച് സൂക്ഷിക്കും എന്ന കാര്യത്തിലും വലിയ അവ്യക്തത നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഇവ കേടുപാടുകൾ സംഭവിച്ച് നഗരത്തിൽ ഉപേക്ഷിക്കപ്പെട്ടാൽ അത് പുതിയൊരു മാലിന്യപ്രശ്നത്തിന് ഇടയാക്കുമെന്ന ആശങ്കയും വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. രാഷ്ട്രീയ വിവാദങ്ങളും ശക്തമായതോടെ ഇരുമ്പ് അടുപ്പ് എന്ന ആശയം ഉപേക്ഷിച്ച് മറ്റ് പരിസ്ഥിതി സൗഹൃദ ശുചീകരണ നടപടികളിലേക്ക് കടക്കാനാണ് കോർപ്പറേഷന്റെ നീക്കം.