‘രണ്ട് ഐ.പി.എസുകാർ ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ സമ്മർദം ചെലുത്തുന്നു,പിൻമാറിയില്ലെങ്കിൽ ഞാൻ പേര് പറയും‘ : വി.ഡി. സതീശൻ
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിനുമേൽ മുതിർന്ന രണ്ട് ഐ.പി.എസ് ഓഫിസർമാർ അനാവശ്യ സമ്മർദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിനുമേൽ മുതിർന്ന രണ്ട് ഐ.പി.എസ് ഓഫിസർമാർ അനാവശ്യ സമ്മർദം ചെലുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് ഇവർ രണ്ടുപേരും അന്വേഷണസംഘത്തിനുമേൽ സമ്മർദം ചെലുത്തുന്നത്. അവർ പിന്മാറിയില്ലെങ്കിൽ ഞാൻ പേര് വെളിപ്പെടുത്തും -സതീശൻ പറഞ്ഞു.
അതിനിടെ, ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽനിന്നും കട്ടിളപ്പടിയിൽനിന്നും കൂടുതൽ സ്വർണം അപഹരിച്ചെന്ന സംശയത്തിലാണ് പ്രത്യേക അന്വേഷണസംഘം. ഇത് കണ്ടെത്താൻ സന്നിധാനത്തുനിന്ന് ശേഖരിച്ച സാമ്പിളുകൾ വി.എസ്.എസ്.സിക്ക് കൈമാറി. വി.എസ്.എസ്.സിയിലെ വിദഗ്ധരുടെയും നൂതന സാങ്കേതിക വിദ്യയുടെയും സഹായത്തോടെ എത്ര കിലോ സ്വർണം മോഷണം പോയെന്ന് കണ്ടെത്താമെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം.
കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങളും രാശിചിഹ്നങ്ങളും ആലേഖനം ചെയ്ത രണ്ടുവീതം ചെമ്പ് പാളികളിലും കട്ടിളയുടെ മുകൾപടിയിലെ ചെമ്പ് പാളിയിലും പ്രഭാമണ്ഡല പാളിയിലും ദ്വാരപാലക ശിൽപ പാളികളിലും തെക്കും വടക്കും മൂലകളിലുള്ള പില്ലർ പാളികളിലുംനിന്നാണ് സ്വർണം കവർന്നത്.
രണ്ട് കിലോയോളം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ചേർന്ന് കവർന്നതായാണ് അന്വേഷണസംഘത്തിൻറെ വിലയിരുത്തൽ. ഇതിൽ സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയിൽനിന്ന് 109.243 ഗ്രാമും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർന്ദനിൽനിന്ന് 474.960 ഗ്രാമും സ്വർണമാണ് പിടിച്ചെടുത്തത്. ശബരിമലയിൽനിന്ന് മോഷ്ടിച്ച സ്വർണമല്ല ഇത്. അതിന് പകരമുള്ള സ്വർണമാണ് പ്രത്യേക അന്വേഷണസംഘം ഇരുവരിൽനിന്നും കണ്ടുകെട്ടിയത്. ഇക്കാര്യം കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ ശബരിമലയിലെ സ്വർണം എവിടെയെന്നതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കവർച്ചയിൽ 2019ലെ ദേവസ്വം ബോർഡിന് പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്നത്തെ പ്രസിഡൻറ് എ. പത്മകുമാർ മാത്രമാണ് അറസ്റ്റിലായത്. സ്വർണപ്പാളികൾ കൊണ്ടുപോയത് പത്മകുമാറിന്റെയും ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസിൻറെയും എൻ. വിജയകുമാറിൻറെയും അറിവോടെയായിരുന്നെന്ന് പോറ്റി മൊഴി നൽകിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ഇരുവരെയും വീണ്ടും അന്വേഷണസംഘം ചോദ്യംചെയ്യും.
ഗോവർധൻ മുമ്പ് ശബരിമലയിൽ സമർപ്പിച്ച പത്ത് പവൻ മാല ദേവസ്വം ബോർഡ് കണക്കിൽപെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. ശബരിമലയിലെ വേർതിരിച്ച സ്വർണം കൈപ്പറ്റിയതിൻറെ ‘പ്രായശ്ചിത്തമായി’ ഗോവർധൻ നൽകിയ മാലയാണ് ദേവസ്വം ബോർഡ് മഹസറിൽ രേഖപ്പെടുത്താതെ ശബരിമലയിൽ സൂക്ഷിച്ചത്. 2021ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് ഗോവർധൻ മാല കൈമാറിയത്. പോറ്റി മാളികപ്പുറത്ത് സമർപ്പിച്ചു. സ്വർണക്കൊള്ള വിവാദങ്ങൾക്കുശേഷമാണ് മാല മഹസറിൽ രേഖപ്പെടുത്തിയത്.