6 മാസമായി റോയ് കടുത്ത മാനസിക സമ്മര്‍ദത്തിൽ; സി ജെ റോയിയുടെ ആത്മഹത്യയില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം.
ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ഇതുസംബന്ധിച്ച രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദുബായിലും കേരളത്തിലുമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി രാഷ്ട്രീയ നേതാക്കളില്‍ നിന്നും സിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ വലയില്‍ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകര്‍ പണം തിരിച്ചു ചോദിച്ചതു സമ്മര്‍ദം കൂട്ടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.
പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് ഈ നീക്കം.ഇതു പ്രകാരം വന്‍കിട ഭൂമി ഇടപാടുകളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളില്‍ കര്‍ണാടക പൊലിസ് ചോദ്യം ചെയ്യും.