മലപ്പുറം സ്വദേശിയായ ചരിത്ര ഗവേഷകന് 1.26 കോടിയുടെ അന്താരാഷ്ട്ര പുരസ്‌കാരം 

 എഡിൻബർഗ് സർവകലാശാലയിലെ ഇന്ത്യൻ മഹാസമുദ്ര ലോക ചരിത്ര വിഭാഗം ലക്ചററും മലപ്പുറം സ്വദേശിയുമായ ഡോ. മഹമൂദ് കൂരിയയ്ക്ക് 2026-ലെ പ്രശസ്തമായ ഫിലിപ്പ് ലിവർഹൂം പുരസ്കാരം ലഭിച്ചു.  

 

 കോഴിക്കോട് : എഡിൻബർഗ് സർവകലാശാലയിലെ ഇന്ത്യൻ മഹാസമുദ്ര ലോക ചരിത്ര വിഭാഗം ലക്ചററും മലപ്പുറം സ്വദേശിയുമായ ഡോ. മഹമൂദ് കൂരിയയ്ക്ക് 2026-ലെ പ്രശസ്തമായ ഫിലിപ്പ് ലിവർഹൂം പുരസ്കാരം ലഭിച്ചു. യുനൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും പ്രശസ്തമായ അക്കാദമിക പുരസ്കാരങ്ങളിലൊന്നാണിത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള യുവ ഗവേഷകരെ ആദരിക്കുന്നതിനായി 'ദി ലിവർഹൂം ട്രസ്റ്റ്' വർഷം തോറും നൽകുന്നതാണ് ഈ പുരസ്കാരം.

ഏകദേശം 1.26 കോടി രൂപ (100,000 പൗണ്ട്) അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷം രാജ്യത്ത് നിന്ന് 400-ലധികം നാമനിർദ്ദേശങ്ങൾ ലഭിച്ചതിൽ നിന്ന്, ചരിത്രം, ജീവശാസ്ത്രം, നിയമം, ഗണിതശാസ്ത്രം, തത്ത്വചിന്ത, സോഷ്യോളജി എന്നീ ആറ് മേഖലകളിൽ നിന്നായി ആകെ 30 അക്കാദമിക് വിദഗ്ധരെയാണ് ട്രസ്റ്റ് തിരഞ്ഞെടുത്തത്. ഇതിൽ ചരിത്ര വിഭാഗത്തിൽ വിജയികളായ അഞ്ച് പേരിൽ ഒരാളാണ് ഡോ. മഹമൂദ് കൂരിയ.

മുൻകാല ഇന്ത്യൻ മഹാസമുദ്ര ചരിത്രം, നിയമവ്യവസ്ഥകളുടെ ആഗോള പരിണാമം, ഇസ്‌ലാമിക ബൗദ്ധിക പാരമ്പര്യങ്ങൾ, മാതൃദായ സമൂഹങ്ങൾ, ആഫ്രോ-ഏഷ്യൻ ചരിത്ര ബന്ധങ്ങൾ, കൈയ്യെഴുത്തുപ്രതി സംസ്കാരങ്ങൾ എന്നിവയിലെ അദ്ദേഹത്തിന്റെ മികച്ച സംഭാവനകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

മലപ്പുറം പെരിന്തൽമണ്ണയിലെ പനങ്ങാങ്ങര സ്വദേശിയാണ് മഹമൂദ് കൂരിയ. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയിലും കാലിക്കറ്റ് സർവകലാശാലയിലുമാണ് തന്റെ ബിരുദ പഠനം പൂർത്തിയാക്കിയത്. തുടർന്ന് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നിന്ന് ഏൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ചരിത്രത്തിലും ലാൻഡ്സ്കേപ്പ് ആർക്കിയോളജിയിലുമായി എം.ഫിലും നേടി. 2016-ൽ നെതർലൻഡ്സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്ന് ഗ്ലോബൽ ഹിസ്റ്ററിയിൽ ഡോക്ടറേറ്റും സ്വന്തമാക്കി. 2023 ഡിസംബറിൽ എഡിൻബർഗ് സർവകലാശാലയിൽ ഫാക്കൽറ്റിയായി ചേരുന്നതിന് മുമ്പ്, നോർവെയിലെ യൂനിവേഴ്സിറ്റി ഓഫ് ബെർഗൻ, അശോക സർവകലാശാല, ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള സ്റ്റേറ്റ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര-മധ്യധരണ്യാഴി തീരങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമിലെ ഷാഫി നിയമശാസ്ത്ര സരണിയുമായി ബന്ധപ്പെട്ട ഗവേഷണമായിരുന്നു ലീഡനിൽ പൂർത്തിയാക്കിയത്.